മ്യാന്മറില്‍ മണ്ണിടിച്ചില്‍; മരണം 113

യാംഗോന്‍: വടക്കന്‍ മ്യാന്മറിലെ ഹാക്കന്തില്‍ രത്നഖനിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ മരണം 100 കവിഞ്ഞു. ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 113 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. കാണാതായവരെ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ എങ്ങുമത്തെിയിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കാചിന്‍ നെറ്റ്വര്‍ക് ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ സെക്രട്ടറി ദാഷി നോവ് ലോണ്‍ അറിയിച്ചു.
ലോകത്തെ ഏറ്റവും മികച്ച ചിലയിനം രത്നങ്ങള്‍ ലഭിക്കുന്ന വടക്കന്‍ കാചിന്‍ സംസ്ഥാനത്തെ ഖനികളിലൊന്നിലാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് താമസിക്കുന്നവരെക്കുറിച്ച് കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ കൈവശമില്ലാത്തതിനാല്‍ അപകടത്തില്‍പെട്ടവരെക്കുറിച്ചും ആധികാരിക വിവരങ്ങളില്ല. 70 ഓളം താല്‍ക്കാലിക കുടിലുകളിലായാണ് ജനം താമസിച്ചിരുന്നത്. ഖനിയില്‍നിന്ന് കുഴിച്ചെടുത്ത മണ്ണ് കൂട്ടിയിട്ടുണ്ടായ ‘പര്‍വതം’ പുലര്‍ച്ചെ മൂന്നോടെ താഴെ താമസിക്കുന്നവര്‍ക്കുമേല്‍ നിലംപൊത്തുകയായിരുന്നു. ഏറെ പേരും ഖനിയിലെ തൊഴിലാളികളായിരുന്നു. ട്രിപ്പ്ള്‍ വണ്‍ ജെയ്ഡ് മൈനിങ് കമ്പനിക്കു കീഴിലുള്ള 200 ഏക്കര്‍ സ്ഥലത്താണ് വന്‍ മണ്‍കൂനയുണ്ടായിരുന്നത്.
കമ്പനികളുടെ ലാഭക്കൊതിയും സര്‍ക്കാര്‍ നിയന്ത്രണങ്ങളിലെ വീഴ്ചയുമാണ് വന്‍ദുരന്തം വരുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാര്‍ നടപടികള്‍ വൈകിയാല്‍ സമാന ദുരന്തം മറ്റിടങ്ങളിലും ആവര്‍ത്തിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായും സൂചനയുണ്ട്. സൈനിക നേതൃത്വത്തിനു കീഴിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക കമ്പനികളും.
3100 കോടി ഡോളര്‍ മൂല്യമുള്ളതാണ് മ്യാന്മറിലെ രത്നവ്യവസായം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.