നേതാക്കളുടെ വധശിക്ഷ: ബംഗ്ലാദേശ്–പാകിസ്താന്‍ ബന്ധം ഉലയുന്നു

ധാക്ക:  പ്രതിപക്ഷ നേതാക്കളുടെ വധശിക്ഷക്കെതിരെ രംഗത്തുവന്ന പാകിസ്താന്  ബംഗ്ലാദേശിന്‍െറ രൂക്ഷവിമര്‍ശം. വിചാരണ കൂടാതെ നടപ്പാക്കിയ വധശിക്ഷക്കെതിരെ പാകിസ്താനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പാക് വിദേശകാര്യ മന്ത്രാലയവും രംഗത്തുവന്നിരുന്നു. മതിയായ തെളിവുകള്‍ ഹാജരാക്കാതെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന ഹ്യൂമന്‍റൈറ്റ്സ് വാച്ചിന്‍െറ പ്രസ്താവനയെ തുടര്‍ന്നായിരുന്നു അത്. ബംഗ്ലാദേശിലെ പാക് ഹൈകമീഷണറെ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഓഫിസിലേക്ക് വിളിപ്പിച്ച് രാജ്യത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് മുന്നറിയിപ്പു നല്‍കി.

എന്നാല്‍, വിചാരണ കൂടാതെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ജനിപ്പിക്കുന്ന കാര്യമാണെന്ന് പാക് ഹൈകമീഷണര്‍ ഷുജാ ആലം മറുപടി നല്‍കി. അതിനിടെ, പാകിസ്താന്‍െറ സമീപനം രാജ്യത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച്  പ്രമുഖ ബംഗ്ളാദേശ് ദിനപത്രവും രംഗത്തുവന്നു.  യുദ്ധക്കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച പാക് വിദേശകാര്യ മന്ത്രാലയത്തിന്‍െറ നടപടി അന്യായവും അസ്വീകാര്യവുമാണെന്ന് പത്രത്തിന്‍െറ മുഖപ്രസംഗത്തില്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ബംഗ്ലാദേശ് വിമോചനയുദ്ധകാലത്തെ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ബംഗ്ളാദേശ് ജമാഅത്തെ ഇസ് ലാമി ജനറല്‍ സെക്രട്ടറി അലി അഹ്സന്‍ മുഹമ്മദ് മുജാഹിദ്, ബംഗ്ളാദേശ് നാഷനല്‍ പാര്‍ട്ടി നേതാവ് സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.