മുശര്‍റഫിനെതിരെ  ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

ഇസ്ലാമാബാദ്: മുന്‍ പട്ടാളഭരണാധികാരി പര്‍വേസ് മുശര്‍റഫിനെതിരെ പാക് ഭീകരവിരുദ്ധ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. 2007ല്‍ അടിയന്തരാവസ്ഥ  പ്രഖ്യാപിച്ച വേളയില്‍  ജഡ്ജിമാരെ അന്യായമായി തടവില്‍ പാര്‍പ്പിച്ച കേസില്‍ വിചാരണക്ക് ഹാജരാവാത്തതിനെ തുടര്‍ന്നാണിത്. സുപ്രീംകോടതി യാത്രാവിലക്ക് നീക്കിയ മുശര്‍റഫ് ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ ദുബൈയിലാണ്. 
കേസില്‍ മുശര്‍റഫ് തുടര്‍ച്ചയായി ഹാജരാവാത്തതില്‍ ഭീകരവിരുദ്ധ കോടതി ജഡ്ജി സുഹൈല്‍ ഇക്രം അനിഷ്ടം പ്രകടിപ്പിച്ചു. ചികിത്സാര്‍ഥം ദുബൈയിലായതുകൊണ്ടാണ് മുശര്‍റഫ് കോടതിയില്‍ ഹാജരാവാത്തതെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചു. 
സര്‍ക്കാറിന്‍െറ അനുമതി പ്രകാരമാണ് മുശര്‍റഫ് രാജ്യം വിട്ടതെന്ന അഭിഭാഷകന്‍െറ വാദവും കോടതി സ്വീകരിച്ചില്ല. തുടര്‍ന്നാണ് ജാമ്യമില്ലാ വാറന്‍റ് പ്രഖ്യാപിച്ചത്. 
കഴിഞ്ഞ സെപ്റ്റംബറില്‍ ഇതേ കോടതി മുശര്‍റഫിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി മോശമാണെന്നും ഹാജരാവാന്‍ സാധിക്കില്ളെന്നും കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ റദ്ദാക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.