നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം തടഞ്ഞുവെച്ച് ബംഗ്ലാദേശും പാകിസ്താനും

ധാക്ക: 1971ലെ യുദ്ധക്കുറ്റ വിചാരണയെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് ബംഗ്ളദേശും പാകിസ്താനും ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം തടഞ്ഞുവെച്ചു. മണിക്കൂറുകള്‍ കഴിഞ്ഞ് ഇരുവരും പുറത്തുവന്നതോടെയാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായത്.  ആഭ്യന്തര വിഷയങ്ങളില്‍ പാകിസ്താന്‍ അനധികൃതമായി ഇടപെടുന്നുവെന്ന് ആരോപിച്ച് ബംഗ്ളദേശിലെ പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ അബ്റാര്‍ അഹ്മദ് ഖാനെ തടവിലാക്കുന്നതോടെയാണ് ‘ബന്ദി’നാടകത്തിന് തുടക്കം. ചോദ്യം ചെയ്യാനായി കൊണ്ടുപോയ അബ്റാര്‍ ഖാനെ രേഖാമൂലം ഉറപ്പുവാങ്ങിയ ശേഷമായിരുന്നു മോചിപ്പിച്ചത്. ധാക്ക മെട്രോപൊളിറ്റന്‍ പൊലീസിന്‍െറ നടപടിയില്‍ അരിശംപൂണ്ട പാകിസ്താന്‍ ഇസ്ലാമാബാദിലെ ബംഗ്ളാദേശ് ഹൈകമീഷനിലുള്ള ഉദ്യോഗസ്ഥനെയും ബന്ദിയാക്കി. ഓഫിസില്‍നിന്ന് മകളെ കൂട്ടാനായി പുറത്തിറങ്ങിയ ഉടന്‍ ജഹാംഗീര്‍ ഹുസൈനെ അജ്ഞാതര്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അധികം വൈകാതെ ഇദ്ദേഹവും പുറത്തിറങ്ങിയെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സംഭവം കാരണമായി.
ബംഗ്ളാദേശിലെ പാക് നയതന്ത്ര കാര്യാലയത്തില്‍ നിയമിതനായ ഉദ്യോഗസ്ഥയെ ചൊല്ലി ഒരു മാസം മുമ്പു തന്നെ പ്രശ്നങ്ങള്‍ തലപൊക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉദ്യോഗസ്ഥക്ക് തീവ്രവാദി വിഭാഗങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ ഇവരെ പാകിസ്താന്‍ പിന്‍വലിച്ചതോടെ താല്‍ക്കാലികമായി ഒതുങ്ങിയ പ്രശ്നമാണ് വീണ്ടും സജീവമായത്.
1971 ലെ യുദ്ധക്കുറ്റമാരോപിച്ച് രണ്ടു മുതിര്‍ന്ന നേതാക്കളെ ബംഗ്ളദേശ് തൂക്കിലേറ്റിയത് പാകിസ്താനില്‍ രൂക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.