യു.എന്‍ മനുഷ്യാവകാശ സമിതി തലവന്‍ ശ്രീലങ്കയിലെത്തുന്നു

കൊളംബോ: യു.എന്‍ മനുഷ്യാവകാശ ഹൈകമീഷണര്‍ സൈദ് റഅദ് അല്‍ഹുസൈന്‍ ഈ ആഴ്ച ശ്രീലങ്ക സന്ദര്‍ശിക്കും. എല്‍.ടി.ടി.ഇയുമായി വര്‍ഷങ്ങളോളം നീണ്ട ആഭ്യന്തര യുദ്ധത്തിനിടെ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനാണ് ശനിയാഴ്ച ഹൈകമീഷണര്‍ എത്തുന്നത്. നാലു ദിവസം അദ്ദേഹം രാജ്യത്തു തങ്ങുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ഹര്‍ഷ ഡിസില്‍വ അറിയിച്ചു. ഭരണ, പ്രതിപക്ഷകക്ഷി നേതാക്കള്‍, സാമൂഹിക നേതാക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
രാജ്യാന്തര ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അന്വേഷകര്‍ എന്നിവരെ ഉള്‍പെടുത്തി ശ്രീലങ്കയിലെ യുദ്ധക്കുറ്റം അന്വേഷിക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ യു.എന്‍ മനുഷ്യാവകാശ സമിതി പ്രമേയം പാസാക്കിയിരുന്നു.
എന്നാല്‍, വിദേശ ജഡ്്ജിമാരുടെ സാന്നിധ്യം വേണ്ടെന്ന നിലപാടിലാണ് പ്രസിഡന്‍റ് മൈത്രിപാല സിരിസേന. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശക്തമായ എതിര്‍പ്പുമായി സിരിസേന രംഗത്തുവന്നത്. തൊട്ടുപിറകെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇതിനു വിരുദ്ധമായി പ്രതികരിച്ചതോടെ വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കി പുറത്തുവന്നു.
ഒരു ലക്ഷത്തോളം എല്‍.ടി.ടി.ഇ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര രാജ്യാന്തര സമിതി അന്വേഷിക്കണമെന്നാണ് യു.എന്‍ മനുഷ്യാവകാശ ഹൈ കമീഷണറുടെ നിലപാട്.
രാജ്യത്തെ ഭൂരിപക്ഷ ജനവിഭാഗമായ സിംഹളര്‍ വിദേശ ജഡ്ജിമാരെവെച്ചുള്ള അന്വേഷണത്തിനെതിരാണ്.
എന്നാല്‍, തമിഴര്‍ ഇതിനെ അനുകൂലിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.