ജെയ്ശെ മുഹമ്മദിന്‍െറ മതപഠനകേന്ദ്രങ്ങളില്‍ റെയ്ഡ്

ലാഹോര്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ ആസൂത്രകരെന്ന കരുതുന്ന ജെയ്ശെ മുഹമ്മദ് തീവ്രവാദ സംഘത്തിനു കീഴിലെ മതപഠനശാലകള്‍ക്ക് പാകിസ്താന്‍ താഴിട്ടു. മൗലാന മസ്ഊദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെയ്ശെ മുഹമ്മദിന് പാകിസ്താന്‍ ഒത്താശചെയ്യുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത സൈല്‍കോട്ട് നഗരത്തിലെ ദസ്ക മേഖലയിലെ ജംഇയ്യത്തുന്നൂര്‍ മദ്റസയിലാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ഇവിടെനിന്ന് സീഡികളും പുസ്തകങ്ങളും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തു. 12ലേറെ പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സംഘത്തിനു കീഴിലുള്ള നിരവധി സ്ഥാപനങ്ങള്‍ റെയ്ഡ് നടത്തി അടച്ചുപൂട്ടി. സ്ഥാപനങ്ങളുടെ മേധാവികളടക്കം നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തു. അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ നടന്ന ആക്രമണത്തിലും ജെയ്ശെ മുഹമ്മദിന് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. സംഘത്തിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അസ്ഹറിന്‍െറ അറസ്റ്റിനെ സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ളെന്നും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പഞ്ചാബ് പ്രവിശ്യയിലെ നിയമമന്ത്രി റാണാ സനാഉല്ല ഡോണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അസ്ഹറിനെതിരെ ഉടന്‍ നടപടിയെടുക്കും. അക്കാര്യത്തില്‍ സംശയമില്ളെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, അസ്ഹറിന്‍െറ തടവിനെ പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അഭ്യൂഹം തുടരുന്നതിനിടെ മാറ്റിവെച്ച ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.