യു.എസും ബ്രിട്ടനും ഇസ്രായേല്‍ വ്യോമസേനാ നെറ്റ് വര്‍ക് ഹാക്ക് ചെയ്തിരുന്നെന്ന്

ജറൂസലം: ഇസ്രായേലി വ്യോമസേനയുടെ സൈനികനീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആശയവിനിമയങ്ങളും 18 വര്‍ഷം മുമ്പ് അമേരിക്കന്‍, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്.
മുന്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്നോഡന്‍ പുറത്തുവിട്ട പുതിയ രേഖകളിലാണ് 1998ല്‍ നടന്ന ഓപറേഷനെക്കുറിച്ച് സൂചനകളുള്ളത്.
രണ്ടു പ്രധാന വാര്‍ത്താമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് നിരാശയുണ്ടെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയും ബ്രിട്ടന്‍െറ കമ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സും ചേര്‍ന്ന് ഗസ്സക്കും സിറിയക്കും ഇറാനുമെതിരായ ഇസ്രായേലിന്‍െറ നീക്കങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്ന് ഇസ്രായേലിലെ പ്രമുഖ പത്രമായ യെദിയോത് അഹ്രോനോത് റിപ്പോര്‍ട്ട് ചെയ്തു. അനാര്‍ക്കിസ്റ്റ് എന്നു പേരിട്ട ഓപറേഷനിലൂടെ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ലക്ഷ്യംവെച്ചിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. മെഡിറ്ററേനിയന്‍ ദ്വീപായ സൈപ്രസിലെ കുന്നിന്‍മുകളില്‍നിന്ന് ഇസ്രായേലി ഡ്രോണുകളുടെ ചിത്രങ്ങളെടുത്തതായി ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി ഇന്‍റര്‍സെപ്റ്ററില്‍ പറയുന്നു.
എന്നാല്‍, സായുധ ഡ്രോണുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന കാര്യം ഇസ്രായേല്‍ സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. സ്നോഡന്‍െറ ആരോപണങ്ങളെക്കുറിച്ച് ഇസ്രായേലിലെ അമേരിക്കന്‍ എംബസി പ്രതികരിച്ചില്ല. സുരക്ഷാകാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനാവില്ളെന്ന് ബ്രിട്ടീഷ് എംബസിയുടെ പ്രതിനിധി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.