ഇന്ത്യക്ക്​ എൻ.എസ്​.ജി അംഗത്വം; യോഗം തീരുമാനമാകാതെ പിരിഞ്ഞു

വിയന്ന: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം പരിഗണിച്ച എന്‍എസ്ജി അംഗരാജ്യങ്ങളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിയന്നയില്‍ ചേര്‍ന്ന 48 എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ രണ്ട് ദിവസത്തെ യോഗത്തിലാണ് ഇന്ത്യക്ക് അംഗത്വം നല്‍കുന്നത് സംബന്ധിച്ച്അന്തിമ തീരുമാനം ഉണ്ടാകാതിരുന്നത്. ജൂണ്‍ 20ന് സോളിൽ ചേരുന്ന എൻ.എസ്.ജി സമ്മേളനം ഇന്ത്യയുടെ അപേക്ഷ വീണ്ടും പരിഗണിക്കും. ഇന്ത്യക്ക് വേണ്ടി അമേരിക്ക ശക്തമായി രംഗത്തുണ്ട്. എന്നാൽ കടുത്ത എതിര്‍പ്പുമായി ചൈന രംഗത്ത് വരുന്നതാണ് ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ പതിറ്റാണ്ടായുള്ള ശ്രമം ഫലം കാണുമെന്ന് കരുതിയപ്പോഴാണ് ചൈന വന്‍മതിലായി വിലങ്ങു തീര്‍ക്കുന്നത്.

ചൈനയുടെ പാക് പ്രീണന തന്ത്രങ്ങളാണ് ഇന്ത്യക്ക് തടസ്സമാവുന്നത്.ചൈനക്ക് പുറമേ ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ എന്നീരാജ്യങ്ങളാണ് ഇന്ത്യയെ എതിര്‍ക്കുന്നതെന്നാണ് നയതന്ത്രജ്ഞര്‍ പുറത്ത് വിടുന്ന വിവരം. രണ്ട്ദിവസത്തെ യോഗത്തിനൊടുവിൽ നിലപാടുകള്‍ മയപ്പെടുത്താന്‍ എതിര്‍ രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്. ആണവായുധങ്ങളുടെ നിര്‍മ്മാണവും വ്യാപനവും പെരുപ്പിക്കാതിരിക്കലും നിയന്ത്രിക്കാനുള്ള ആണവ നിർവ്യാപന ഉടമ്പടിയിൽ ഇതുവരെ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല.  വാഷിംഗ്ടണുമായുള്ള സൈനികേതര ആണവ സഹകരണ കരാർ വഴി അംഗരാജ്യങ്ങള്‍ക്ക് ലഭ്യമാകുന്ന പല ഗുണങ്ങളുടേയും ഉപഭോക്താവാണ് ഇന്ത്യ. ആണവായുധങ്ങള്‍ ഇന്ത്യവികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ശക്തമായ നിലപാട് ഇന്ത്യക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.