കുടിയേറ്റക്കാര്‍ക്ക് പിന്തുണയുമായി ഹിലരി–സാന്‍ഡേഴ്സ് വാഗ്വാദം

വാഷിങ്ടണ്‍: കടുത്ത കുടിയേറ്റ വിരുദ്ധ പരാമര്‍ശങ്ങളുമായി റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥിതി മറിച്ചാണ്. കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്നതില്‍ മുന്നില്‍ ആരാണെന്നാണ് ഹിലരി ക്ളിന്‍റണും ബേണി സാന്‍ഡേഴ്സും തമ്മിലെ തര്‍ക്കം.
മാര്‍ച്ച് 15ന് ഫ്ളോറിഡയില്‍ നടക്കാനിരിക്കുന്ന പ്രൈമറിക്ക് മുന്നോടിയായി മിയാമിയില്‍ നടന്ന സംവാദത്തിനിടെയാണ് ഇരുവരും കുടിയേറ്റ നയത്തെ ചൊല്ലി വാഗ്വാദം നടത്തിയത്. രേഖകളില്ലാത്ത ക്രിമിനല്‍ പശ്ചാത്തലമില്ലാതെ എത്തുന്ന അഭയാര്‍ഥികളെ രാജ്യത്തുനിന്ന് പുറത്താക്കില്ളെന്ന് ഇരുവരും വ്യക്തമാക്കി. കുടിയേറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന ട്രംപിന്‍െറ പ്രഖ്യാപനത്തെ ഇരുവരും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ട്രംപ് ജനങ്ങള്‍ക്കിടയില്‍ വിഭ്രാന്തി പടര്‍ത്തുകയാണെന്ന് ഹിലരി പറഞ്ഞു. കുടിയേറ്റം തടയാന്‍ അതിര്‍ത്തികളില്‍ കൂറ്റന്‍ മതിലുകള്‍ നിര്‍മിക്കുമെന്ന ട്രംപിന്‍െറ പ്രഖ്യാപനത്തെയും അവര്‍ പരിഹസിച്ചു. ‘മെക്സികന്‍ ജനതയെയും മുസ്ലിംകളെയും  സ്ത്രീകളെയും ആഫ്രിക്കന്‍ വംശജരെയും അധിക്ഷേപിക്കുന്ന ഒരാളെ അമേരിക്കന്‍ ജനത പ്രസിഡന്‍റായി തെരഞ്ഞെടുക്കുമെന്ന് കരുതുന്നില്ല’ എന്നായിരുന്നു സാന്‍ഡേഴ്സിന്‍െറ വാക്കുകള്‍.
ഫ്ളോറിഡയില്‍ ഹിലരിക്കായിരിക്കും മുന്‍തൂക്കമെന്ന് സര്‍വേഫലങ്ങള്‍ പറയുന്നു. സി.എന്‍.എന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ ഹിലരിക്ക് പരിഗണന നല്‍കുമ്പോള്‍, സാന്‍ഡേഴ്സിനെ 34 ശതമാനം ആളുകള്‍ പിന്തുണക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.