പെഷാവര്‍: പാകിസ്താനിലെ പെഷാവറില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ജീവനക്കാരുമായി പോയ ബസിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരിച്ചവരെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ഡോണ്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പെഷാവറിലെ സുനേഹ്രി മസ്ജിദിന്‍െറ അടുത്തുവെച്ചാണ് ബസില്‍ പൊട്ടിത്തെറിയുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദാനില്‍നിന്ന് പ്രവിശ്യാ തലസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ബസിന്‍െറ പിന്നിലാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് മുഹമ്മദ് കാശിഫ് പറഞ്ഞു. എട്ട് കിലോഗ്രാമോളം സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ബോംബ് നിര്‍വീര്യ വിഭാഗം അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി നവാസ് ശരീഫ് സ്ഫോടനത്തെ അപലപിച്ചു. 2013ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബസിലുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.