ബംഗ്ളാദേശിന് സ്വാതന്ത്ര്യത്തിന്‍െറ നാലരപ്പതിറ്റാണ്ടുകള്‍


ധാക്ക: നാലരപ്പതിറ്റാണ്ടു മുമ്പ് പാകിസ്താനുമായി നടന്ന വിമോചനപ്പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞ ദശലക്ഷങ്ങള്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ബംഗ്ളാദേശില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.  രാജ്യതലസ്ഥാനമായ ധാക്കയിലെ ആകാശമെങ്ങും സ്വാതന്ത്ര്യത്തിന്‍െറ പ്രകാശം വിതറിയാണ് ആഘോഷം നടത്തിയത്. സാവറിലെ ദേശീയ സ്മാരകത്തില്‍ പുലര്‍ച്ചെ 21 ആചാരവെടി മുഴക്കിയതോടെ  ആഘോഷങ്ങള്‍ക്ക്  തുടക്കമായി. പ്രസിഡന്‍റ് അബ്ദുല്‍ ഹാമിദും പ്രധാനമന്ത്രി ശൈഖ് ഹസീനയും സ്മാരകത്തിലത്തെി രക്തസാക്ഷികള്‍ക്ക് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ചു. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഗൂഗ്ള്‍ പ്രത്യേക ഡൂഡ്ലും ഒരുക്കിയിരുന്നു.
സാമുദായിക ഐക്യമാണ് തങ്ങളുടെ പാരമ്പര്യമെന്നും രാജ്യം ഒരിക്കലും ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കില്ളെന്നും പ്രസിഡന്‍റ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 30 ലക്ഷം ആളുകളുടെ ജീവത്യാഗത്തിന്‍െറ ഫലമായി നേടിയ സ്വാതന്ത്ര്യമാണ് ബംഗ്ളാദേശ് ജനതയുടെ എക്കാലത്തെയും മികച്ച നേട്ടമെന്നും, ഈ സ്വാതന്ത്ര്യം അര്‍ഥപൂര്‍ണമാക്കുന്നതിനായി തലമുറകളിലേക്ക് പഴയ ചരിത്രം കൈമാറേണ്ടതുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയും ബംഗ്ളാദേശിന് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. ദുരന്തത്തിന്‍െറ സ്മരണ പുതുക്കി കറുത്ത വസ്ത്രമണിഞ്ഞ് നിരവധിയാളുകള്‍ ദേശീയ പതാകയേന്തി തലസ്ഥാനത്തെ രക്തസാക്ഷി മന്ദിരത്തില്‍നിന്ന് സാവറിലെ ദേശീയ സ്മാരകത്തിലേക്ക് സ്മരണയാത്ര നടത്തി.
1971 മാര്‍ച്ച് 25ന് അര്‍ധരാത്രിയാണ് പാക് സൈന്യം ബംഗ്ളാദേശിന്‍െറ സ്വാതന്ത്ര്യപോരാട്ടത്തെ അടിച്ചമര്‍ത്താനായി മിന്നല്‍ ആക്രമണം നടത്തിയത്. 1970ല്‍ ബംഗ്ളാദേശിന്‍െറ രാഷ്ട്രപിതാവായ ശൈഖ് മുജീബുര്‍റഹ്മാന്‍ പൊതു തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതാണ് ആക്രമണത്തിന് പ്രേരണയായത്. ഒമ്പതുമാസം നീണ്ടുനിന്ന പോരാട്ടത്തിനുശേഷം ഇന്ത്യന്‍ സൈന്യത്തിന്‍െറ സഹായത്തോടെയാണ്  ബംഗ്ളാദേശ് പാകിസ്താനില്‍നിന്ന് വിഭജിക്കപ്പെട്ടത്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.