ധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷക്കെതിരെ 72കാരനായ മുതീഉര്‍റഹ്മാന്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പ്രഖ്യാപനം. ബംഗ്ളാദേശ് വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാണ് ഇദ്ദേഹത്തെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ വധശിക്ഷക്ക് വിധിച്ചത്.
സര്‍ക്കാര്‍ ആസൂത്രിത ഗൂഢാലോചനയുടെ ഇരയാണ് മുതീഉര്‍റഹ്മാന്‍ എന്ന് ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു. മനുഷ്യാവകാശമെന്ന പേരുംപറഞ്ഞ് ബംഗ്ളാദേശ് സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണെന്നും അവര്‍ ആരോപിച്ചു. മേയ് എട്ടിന് രാജ്യവ്യാപക ഹര്‍ത്താലിനും ആഹ്വാനംചെയ്തു. ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹയടങ്ങുന്ന നാലംഗ ബെഞ്ചാണ് ഹരജി തള്ളിയത്. കോടതി വിധിയെ തുടര്‍ന്ന് രാജ്യത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തി.
യുദ്ധക്കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കുന്ന ജമാഅത്ത് നേതാക്കളില്‍ ഏറ്റവും ഒടുവിലത്തെയാളാണ് മുതീഉര്‍റഹ്മാന്‍. രാഷ്ട്രപതി അബ്ദുല്‍ ഹാമിദിന് ദയാഹരജി നല്‍കാനാണ് നിസാമിയുടെ തീരുമാനം. അതേസമയം, യുദ്ധക്കുറ്റങ്ങളാരോപിച്ച് വധശിക്ഷക്ക് വിധിച്ച ബംഗ്ളാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവ് സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി, ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി അലി അഹ്സന്‍ മുഹമ്മദ് മുജാഹിദ് എന്നിവര്‍ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി മുമ്പ് തള്ളിയിരുന്നു. അവരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. യുദ്ധക്കുറ്റങ്ങളുടെ വിചാരണക്കായി 2009ലാണ് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. ശൈഖ് ഹസീന സര്‍ക്കാര്‍ രൂപവത്കരിച്ച ട്രൈബ്യൂണല്‍ 12ഓളം പേര്‍ക്കെതിരെ വധശിക്ഷ വിധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമിതികളുടെ പിന്‍ബലമില്ലാത്ത ട്രൈബ്യൂണലിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.