തീവ്രവാദി ഗ്രൂപ്പുകളെ സംരക്ഷിക്കരുതെന്ന് പാക് സൈന്യത്തിന് നവാസ് ശരീഫിന്‍െറ മുന്നറിയിപ്പ്


ഇസ്ലാമാബാദ്: ഭീകരതയുടെ പേരില്‍ ആഗോളതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിരോധിത തീവ്രവാദി ഗ്രൂപ്പുകളെ സഹായിക്കാനോ സംരക്ഷിക്കാനോ തയാറാവരുതെന്ന് സൈന്യത്തിന് പ്രധാനമന്ത്രി നവാസ് ശരീഫ് മുന്നറിയിപ്പ് നല്‍കിയതായി പാകിസ്താന്‍ പത്രം ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, പത്താന്‍കോട്ട് ആക്രമണത്തിന്‍െറ അന്വേഷണവും മുംബൈ ഭീകരാക്രമണത്തിന്‍െറ വിചാരണയും വേഗത്തിലാക്കാനും ഇന്ത്യന്‍ മിന്നലാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ നേതാക്കളുടെയും സൈനിക നേതൃത്വത്തിന്‍െറയും പ്രത്യേക യോഗത്തില്‍ നവാസ് ശരീഫ് ശക്തമായി ആവശ്യപ്പെട്ടെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ലോകവ്യാപകമായി എതിര്‍പ്പ് നേരിടുന്ന അവസ്ഥയില്‍ ഐ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ റിസ്വാന്‍ അക്തര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവ എന്നിവരെ രാജ്യത്തെ നാലു പ്രവിശ്യകളില്‍ സന്ദര്‍ശനം നടത്തി തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ ഇടപെടരുതെന്നും തീവ്രവാദികളെ സഹായിക്കാന്‍ മുതിരരുതെന്നും പ്രവിശ്യ കമ്മിറ്റികള്‍ക്കും ഐ.എസ്.ഐക്കും നിര്‍ദേശം നല്‍കാന്‍ യോഗം ചുമതലപ്പെടുത്തി. പത്താന്‍കോട്ട് ആക്രമണത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും മുംബൈ ഭീകരാക്രമണ കേസിലെ വിചാരണ റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതിയില്‍ പുനരാരംഭിക്കുന്നതിനുമായി നവാസ് ശരീഫ് നേരിട്ട് ഇടപെടുമെന്നും യോഗത്തെ അറിയിച്ചു.

ഭീകരതയുടെ പേരില്‍ ഒറ്റപ്പെടുന്ന പാകിസ്താനോട് വിവിധ രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളുള്‍പ്പെടെ ആഗോളതലത്തിലെ തിരിച്ചടികള്‍ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി യോഗത്തില്‍ വ്യക്തമായി വിശദീകരിച്ചു. ഹഖാനി തീവ്രവാദി ശൃംഖലക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന അമേരിക്കയുടെ ആവശ്യവും ഐക്യരാഷ്ട്രസഭ നിരോധിച്ച ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിനെതിരെയുള്ള നടപടി, പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ അന്വേഷണം തുടങ്ങി ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങളും അദ്ദേഹം യോഗത്തെ ധരിപ്പിച്ചു. പാകിസ്താന് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുമ്പോഴും നിലവിലെ സാഹചര്യത്തില്‍ ചൈനക്ക് അതൃപ്തിയുണ്ടെന്നും ചൗധരി വ്യക്തമാക്കി.

വിശദീകരണത്തെ തുടര്‍ന്ന് ഒറ്റപ്പെടല്‍ ഇല്ലാതാക്കുന്നതിന് എന്തൊക്കെയാണ് വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആവശ്യങ്ങളെന്ന ഐ.എസ്.ഐ മേധാവി ജനറല്‍ അക്തറിന്‍െറ ചോദ്യത്തിന് ജയ്ശെ മുഹമ്മദ് ഭീകരന്‍ മസ്ഹൂദ് അസറിനും ലശ്കറെ ത്വയ്യിബ ഭീകരന്‍ ഹാഫിസ് സഈദിനുമെതിരെയുള്ള നടപടിയും ഹഖാനി തീവ്രവാദ ശൃംഖലയുടെ ഉന്മൂലനവുമെന്നായിരുന്നു ചൗധരിയുടെ മറുപടി. എന്നാല്‍, വിദേശകാര്യ സെക്രട്ടറിയുടെ വിശദീകരണവും ഐ.എസ്.ഐക്കും സൈന്യത്തിനുമെതിരെയുള്ള വിമര്‍ശങ്ങളുമെല്ലാം പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ തന്ത്രമാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയനിരീക്ഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ‘ഡോണ്‍’ പറയുന്നു. അതിനിടെ, പാകിസ്താന്‍െറ ഒറ്റപ്പെടല്‍ നവാസ് ശരീഫിന്‍െറ വ്യക്തിപരമായ പരാജയമാണെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്ള്‍ പാര്‍ട്ടി നേതാവ് അത്സാസ് അഹ്സന്‍ സംയുക്ത പാര്‍ലമെന്‍റ് യോഗത്തില്‍ പ്രതികരിച്ചു.രാജ്യവിരുദ്ധ താല്‍പര്യം പ്രകടിപ്പിച്ചവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതാണ് ഒറ്റപ്പെടലിന് കാരണമെന്നും ഇത്തരക്കാരെ നിയന്ത്രിക്കുന്നതിലുള്ള പരാജയമാണ് പാകിസ്താനേറ്റ തിരിച്ചടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.