ഡമസ്കസ്: അന്താരാഷ്ട്ര രാസായുധ നിരോധന അന്വേഷണ സംഘത്തെ ഇന്ന് സിറിയൻ നഗരമായ ദൂമയിലേക്ക് പ്രവേശിപ്പിക്കുമെന്ന് റഷ്യ അറിയിച്ചു. ദൂമയിൽ ബശ്ശാർ സൈന്യം വിമതർക്കെതിരെ രാസായുധം പ്രയോഗിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സംഘം അന്വേഷണത്തിനായി വരുന്നത്. അതേസമയം, ഇവരെ ദൂമയിലേക്ക് സിറിയയും റഷ്യയും കടത്തിവിടുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. അതിനിടെ വിമതരുടെ മേഖലയിൽ രാസായുധപ്രയോഗം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് റഷ്യ വ്യക്തമാക്കി. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
റോഡുകളിൽനിന്നെടുത്ത ബോംബുകളുടെയും മറ്റും അവശിഷ്ടങ്ങൾ യു.എൻ സുരക്ഷ വിഭാഗത്തിലെ ഉന്നതതലസംഘം പരിശോധിക്കുമെന്ന് റഷ്യൻ അധികൃതർ പറഞ്ഞു.
വ്യോമതാവളത്തിലെത്തിയ മിസൈലുകൾ തകർത്തു
ഡമസ്കസ്: സിറിയയിലെ രണ്ട് വ്യോമതാവളങ്ങളെ ലക്ഷ്യംവെച്ച രണ്ട് മിസൈലുകൾ പ്രതിരോധ സേന വെടിവെച്ചിട്ടു. ഡമസ്കസിലെയും ഹിംസ് പ്രവിശ്യയിലെ ശയ്റാത് വ്യോമതാവളത്തിലുമെത്തിയ രണ്ട് മിസൈലുകളാണ് തകർത്തത്. യു.എസ് സഖ്യരാജ്യങ്ങളുടെ വ്യോമാക്രമണം നടന്നതിനു പിന്നാലെയാണ് മിസൈലുകൾ തൊടുത്തതെന്ന് സംശയിക്കുന്നു.
ആക്രമണം തങ്ങളുടെ പരമാധികാരത്തിനെതിരായ കടന്നുകയറ്റമാണെന്ന് സിറിയൻ സർക്കാർ പ്രതികരിച്ചു. ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്ന് യു.എസ് വ്യക്തമാക്കി. പ്രതികരിക്കാനില്ലെന്ന് ഇസ്രായേലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.