സിറിയയിലെ ‘ട്വിറ്റര്‍ ഗേള്‍’ ബനാ അല്‍ അബ്ദിനെ രക്ഷപ്പെടുത്തി

ഡമസ്കസ്: സിറിയയിലെ യുദ്ധഭീകരത ട്വീറ്റുകളിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ അലപ്പോ നഗരത്തില്‍നിന്ന് രക്ഷപ്പെടുത്തി. ബനാ അല്‍ അബ്ദ് എന്ന ബാലിക ഇപ്പോള്‍ സുരക്ഷിതയാണെന്ന് സന്നദ്ധ സംഘടനയായ സിറിയന്‍ -അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്‍റ് അഹ്മദ് തരാക്ജി ട്വിറ്ററിലൂടെ അറിയിച്ചു.

ചിരിക്കുന്ന ബനായെ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എടുത്തുനില്‍ക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. സിറിയന്‍ സൈന്യം യുദ്ധം തുടരുന്ന അലപ്പോയില്‍ അവശേഷിക്കുന്നവരില്‍ ഏറ്റവും ഒടുവില്‍ ഒഴിപ്പിക്കപ്പെട്ട 3000 പേരിലാണ് ബനായും കുടുംബവും ഉള്‍പ്പെട്ടത്.

ട്വിറ്ററില്‍ ലോകത്തുടനീളം ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് ബനാക്കുള്ളത്. പ്രതിദിനമുള്ള ബനായുടെ ട്വീറ്റുകള്‍ അസദ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദുതന്നെ വിമര്‍ശനവുമായി രംഗത്തത്തെി. ബനാ തീവ്രവാദികള്‍ക്കു വേണ്ടി പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. കല്‍ക്കൂമ്പാരമായ തെരുവുകളുടെ ചിത്രങ്ങള്‍ ബനായുടെ ട്വീറ്റിലൂടെ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ട്വീറ്റുകളുടെ എണ്ണം കുറഞ്ഞുവന്നപ്പോള്‍ ലോകം അവളുടെ ജീവനെ ഭയാശങ്കകളോടെ നോക്കിക്കണ്ടു. ഇംഗ്ളീഷ് സംസാരിക്കുന്ന മാതാവ് ഫാതിമയുടെ സഹായത്തോടെയാണ് ബനാ സെപ്റ്റംബറില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. വ്യോമാക്രമണം നിര്‍ത്താന്‍ അന്തര്‍ദേശീയ സമൂഹത്തോട് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ബനായുടെയും അവളുടെ രണ്ട് ഇളയ സഹോദരങ്ങളുടെയും ചിത്രങ്ങള്‍ ഫാത്തിമ പോസ്റ്റ് ചെയ്തിരുന്നു. 

തന്‍െറ വീട് റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സേന തകര്‍ത്തതായും പിതാവിന് പരിക്കേറ്റതായും രണ്ടാഴ്ചമുമ്പ് ബനാ ട്വീറ്റ് ചെയ്തു. ഒടുവില്‍ ‘ഗുഡ് ബൈ’ പറഞ്ഞുള്ള ട്വീറ്റിനുശേഷം അക്കൗണ്ട് താല്‍ക്കാലികമായി ഡിലീറ്റ് ചെയ്തു. സിറിയന്‍ സേന ഇത് പൂട്ടിച്ചതാവാമെന്ന് കരുതി വിവരങ്ങളറിയാതെ വിഷമിച്ച ഫോളോവേഴ്സിനു മുന്നിലേക്കാണ് അവളും കുടുംബവും രക്ഷപ്പെട്ടുവെന്ന പുതിയ വാര്‍ത്ത എത്തുന്നത്.

Tags:    
News Summary - bana al abed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.