കോക്സ് ബസാർ: പേമാരിപോലെ പെയ്തിറങ്ങിയ ദുരിതങ്ങൾക്കൊപ്പം സാക്ഷാൽ പേമാരികൂടി വന്നെത്തിയതോടെ തണുപ്പിലും വിശപ്പിലും വിറക്കുന്ന റോഹിങ്ക്യകൾക്ക് സഹായഹസ്തം നീട്ടാനൊരുങ്ങി ബംഗ്ലാദേശ് സൈന്യം. ബംഗ്ലാദേശിലെ കോക്സ് ബസാറിലും മറ്റുമുള്ള അഭയാർഥി ക്യാമ്പുകളിലായി നൂറുകണക്കിന് റോഹിങ്ക്യകൾക്ക് വലിയ സഹായംതന്നെ നൽകാനാണ് സൈന്യത്തിെൻറ ഉത്തരവ്.
കഴിഞ്ഞ ആഗസ്റ്റ് 25 മുതൽ വംശീയാക്രമണത്തിൽനിന്ന് രക്ഷതേടി നാലര ലക്ഷത്തോളം റോഹിങ്ക്യകളാണ് മ്യാന്മറിെൻറ അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തിയതെന്ന് ഭരണപാർട്ടിയായ അവാമി ലീഗിെൻറ ഉപമേധാവിയും മുതിർന്ന മന്ത്രിയുമായ അബ്ദുൽ ഖാദിർ അറിയിച്ചു. നിർത്താതെ പെയ്യുന്ന മൺസൂൺമഴയേറ്റുവാങ്ങി തുറസ്സായ സ്ഥലങ്ങളിലാണ് ആയിരക്കണക്കിന് അഭയാർഥികൾ കഴിയുന്നത്. ഇവർക്കായി താൽക്കാലിക ഷെഡുകളും ടോയ്ലറ്റുകളും നിർമിക്കാനുള്ള യജ്ഞത്തിൽ സൈനികർ പങ്കാളികളാവുമെന്ന് ഖാദിർ പറഞ്ഞു.
ഇത് വളരെ ബുദ്ധിമുേട്ടറിയ യജ്ഞമാണെന്നും ഇൗ ഉത്തരവ് പുറപ്പെടുവിച്ചത് പ്രധാനമന്ത്രി ശൈഖ് ഹസീനയാണെന്നും അദ്ദേഹം അറിയിച്ചു. അഭയാർഥികൾക്ക് മറ്റുള്ള സഹായം എത്തിച്ചുകൊടുക്കാനും സൈനികർ ശ്രമിക്കും. ഇതുവരെ ചിറ്റഗോങ് വിമാനത്താവളത്തിൽ എത്തുന്ന വിദേശ ദുരിതാശ്വാസ സഹായം കോക്സ് ബസാറിൽ എത്തിക്കുന്ന ദൗത്യമായിരുന്നു സൈന്യം ചെയ്തുപോന്നിരുന്നത്. എന്നാൽ, അഭയാർഥികളുടെ ആധിക്യം കാരണം ഇതൊന്നും എവിടെയും എത്തിയിരുന്നില്ല. കുറച്ച് അഭയാർഥികൾക്ക് വാസയോഗ്യമായ വീടുകൾ നിർമിക്കാൻ 10 ദിവസത്തിനകം അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്ന് ബംഗ്ലാദേശ് നേരേത്ത പ്രഖ്യാപിച്ചിരുന്നു.
ചിലയിടങ്ങളിൽ അധികമായി ജലവിതരണ പമ്പുകളും റോഡിനോട് ചേർന്ന് േകാൺക്രീറ്റ് റിങ്ങുകൊണ്ടുള്ള ടോയ്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. അഭയാർഥികളുടെ രജിസ്ട്രേഷൻ നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വലിയൊരു വെല്ലുവിളിയാണ് ഇൗ രജിസ്ട്രേഷൻ എന്നും എങ്കിലും ആറു മാസത്തിനകം അത് പൂർത്തിയാക്കാനാണ് തീരുമാനമെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.