ധാക്ക: ആഴ്ചകൾ കഴിഞ്ഞും മ്യാന്മർ സൈന്യം തുടരുന്ന റോഹിങ്ക്യൻ വേട്ടയിൽനിന്ന് രക്ഷപ്പെട്ട് അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് നാടുവിട്ടവരുടെ എണ്ണം 3,70,000 ആയി. മലനിരകളും ചതുപ്പുകളും താണ്ടിയും നാഫ് പുഴ കടന്നും ഇപ്പോഴും റോഹിങ്ക്യകളുടെ പലായനം തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഭയാർഥി പ്രവാഹം നിയന്ത്രണാതീതമായതോടെ പുതിയ ക്യാമ്പുകൾ തുറക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അതിർത്തി പ്രദേശമായ കോക്സ് ബസാർ ജില്ലയിലെ ഉഖിയയിൽ കൂടുതൽ സ്ഥലം അനുവദിച്ചിട്ടുണ്ട്. നേരത്തേയുള്ള രണ്ടു ക്യാമ്പുകളിലായി ലക്ഷങ്ങൾ വസിക്കുന്ന ഇവിടെ പുതുതായി നാലു ലക്ഷത്തോളം പേർ കൂടി എത്തിയതോടെയാണ് കൂടുതൽ ക്യാമ്പുകൾ ആവശ്യമായി വന്നത്. നിലവിലെ ക്യാമ്പ് സ്ഥിതിചെയ്യുന്ന കുടുപലോങ്ങിനു സമീപത്തായി 810 ഏക്കറാണ് അനുവദിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന കഴിഞ്ഞദിവസം കോക്സ് ബസാറിലെ അഭയാർഥി ക്യാമ്പിലെത്തിയിരുന്നു. ലക്ഷങ്ങൾ തിങ്ങിക്കഴിയുന്ന ഇവിടെ കഴിയുന്ന റോഹിങ്ക്യകൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചുപോകാൻ അവസരമൊരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഷാ പുരി ദ്വീപ് വഴി അതിർത്തി കടന്ന കുടുംബങ്ങളിലേറെ പേരും പ്രദേശത്തെ സ്കൂളുകളിലും തുറസ്സായ വയലുകളിലും മറ്റുമാണ് കഴിയുന്നത്. മോശം കാലാവസ്ഥ തുടരുന്ന പ്രദേശത്ത് താമസസൗകര്യവും ഭക്ഷണവും ഉൾപ്പെടെ അവശ്യവസ്തുക്കൾക്ക് പ്രയാസം അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വെടിയുണ്ടയേറ്റ മുറിവുകൾക്കാണ് കോക്സ് ബസാറിലെ ആശുപത്രിയിൽ ചികിത്സതേടിയവരിൽ 80 ശതമാനവും എത്തിയത്. സൈന്യം സ്ഥാപിച്ച കുഴിബോംബ് പൊട്ടിയും നിരവധി പേർക്ക് പരിക്കുണ്ട്. നാഫ് പുഴ കടക്കുന്നതിനിടെ മുങ്ങിമരിച്ചവരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇവർക്ക് ഭക്ഷണവിതരണം തുടരുന്നത്. ചൊവ്വാഴ്ച മുതൽ പ്രദേശത്തുള്ള എല്ലാ അഭയാർഥികളുടെയും വിരലടയാളം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ, മ്യാന്മറിൽ കൂടുതൽ ഗ്രാമങ്ങളിൽ സുരക്ഷസേന ആക്രമണം തുടങ്ങിയതായി അഭയാർഥികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. രാഖൈനിലെ പ ഡിൻ ഗ്രാമത്തിൽ സൈന്യമിറങ്ങിയതോടെ ഗ്രാമവാസികൾ കൂട്ടപലായനം ആരംഭിച്ചിട്ടുണ്ട്.
മ്യാന്മർ സർക്കാറിന് പിന്തുണയുമായി ചൈന ന്യൂഡൽഹി: വംശഹത്യയിൽനിന്ന് രക്ഷതേടി അതിർത്തി കടക്കുന്ന റോഹിങ്ക്യകൾക്ക് പിന്തുണയർപ്പിച്ച് ലോകം കൂടെനിൽക്കുേമ്പാഴും ചൈന മ്യാന്മർ സർക്കാറിനൊപ്പം. രാജ്യത്ത് നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മ്യാന്മർ ഭരണകൂടത്തിന് ചൈന ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തത്. ദേശീയ വികസന രംഗത്ത് സുരക്ഷ ഉറപ്പാക്കാൻ മ്യാന്മറിെൻറ ശ്രമങ്ങളെ രാജ്യാന്തര സമൂഹം പിന്തുണക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചൈനയുടെ ഒൗേദ്യാഗിക പത്രമായ േഗ്ലാബൽ ടൈംസ് കഴിഞ്ഞ ദിവസം മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയുടെ നീക്കങ്ങൾക്ക് പിന്തുണ ഉറപ്പുനൽകിയിരുന്നു. രാഖൈനിലെ വംശീയ സംഘട്ടനം അവസാനിപ്പിക്കണമെന്നും മുസ്ലിംകളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും പത്രം എഡിറ്റോറിയലിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.