ധാക്ക: ഒരു ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളെ അടുത്ത മാസം മുതൽ ബംഗ്ലാദേശിലെ ഉൾപ്രദേശത്തുള്ള ദ്വീപിലേക്ക് മാറ്റും. ദ്വീപിൽ നിർമിച്ച അഭയകേന്ദ്രങ്ങളിലേക്ക് ഒക്ടോബർ മൂന്നോടെ മാറ്റാനാണ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ തീരുമാനം.
കാലാവസ്ഥമാറ്റം ഇൗ ദ്വീപിലെ വാസം അപകടത്തിലാക്കുമെന്ന റിപ്പോർട്ടുകൾ അവഗണിച്ചാണ് സർക്കാർ തീരുമാനം. ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്ന ക്യാമ്പുകളിൽനിന്ന് കുറെ പേരെ മാറ്റിപ്പാർപ്പിക്കുന്നതിനെക്കുറിച്ച് നേരത്തേ ബംഗ്ലാദേശ് സർക്കാർ പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.
ബംഗ്ലാദേശിലെ റോഹിങ്ക്യകൾക്ക് ഇന്ത്യ സഹായം കൈമാറി
ധാക്ക: ബംഗ്ലാദേശിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് ഇന്ത്യ മൂന്നാംഘട്ട സഹായം കൈമാറി. ക്യാമ്പിൽ കഴിയുന്ന ആയിരക്കണക്കിന് റോഹിങ്ക്യൻ അഭയാർഥികൾക്കായി 10 ലക്ഷം ലിറ്റർ മണ്ണെണ്ണയും 20,000 സ്റ്റൗവുമുൾപ്പെടെ സാധനങ്ങളാണ് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈകമീഷണർ ഹർഷവർധൻ ശൃംഗല ദുരിതാശ്വാസ മന്ത്രി മുഹസ്സൽ ഹുസൈൻ ചൗധരിക്ക് കൈമാറിയത്. ഉടൻ തന്നെ അവ കോക്സസ് ബസാറിലെ ക്യാമ്പിൽ കഴിയുന്നവർക്ക് വിതരണം ചെയ്തു.
അഭയാർഥികളുടെ ഒഴുക്കിനെ തുടർന്ന് ബംഗ്ലാദേശ് അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിരുന്നു. മ്യാന്മർ സൈന്യത്തിെൻറ അടിച്ചമർത്തലിനെ തുടർന്ന് രാഖൈൻ പ്രവിശ്യയിൽനിന്ന് ഏഴു ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അരി, പഞ്ചസാര, എണ്ണ, ഉപ്പ്, ധാന്യവർഗങ്ങൾ, തേയില, നൂഡ്ൽസ്, ബിസ്കറ്റ്, കൊതുകു നിവാരണ നെറ്റ് എന്നിവയുൾപ്പെടെ 981 മെട്രിക് ടൺ സാധനങ്ങൾ കൈമാറിയിരുന്നു. ഇൗ വർഷം മേയിൽ പാൽപൊടി, സംസ്കരിച്ച മത്സ്യം, ബേബി ഫുഡ്, മഴക്കോട്ടുകൾ, പാദരക്ഷകൾ എന്നിവയുൾപ്പെടെ 373 മെട്രിക് ടണ്ണിെൻറ സാധനങ്ങൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.