ധാക്ക: ബസുകളുടെ അമിതവേഗം മൂലമുണ്ടായ അപകടം കൗമാരപ്രായക്കാരായ രണ്ടുപേരുടെ ജീവൻ കവർന്നതിനുപിന്നാലെ ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം. തുടർച്ചയായ അഞ്ചാം ദിവസവും നീതിതേടി തെരുവിലിറങ്ങിയ വിദ്യാർഥികൾ തലസ്ഥാനമായ ധാക്കയടക്കം വിവിധ നഗരങ്ങൾ സ്തംഭിപ്പിച്ചു. ഞായറാഴ്ചയാണ് പ്രേക്ഷാഭത്തിന് ആസ്പദമായ അപകടമുണ്ടായത്. ദിയ ഖാനം മീം, അബ്ദുൽ കരീം റജീബ് എന്നിവരാണ് കൊല്ലപ്പെട്ടത്.
അഭൂതപൂർവമായ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നതെന്നും ആദ്യമായാണ് ഇത്രയധികം വിദ്യാർഥികൾ ഒരുമിച്ച് തെരുവിലിറങ്ങുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും തദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രത്യേക നേതൃത്വമോ, ആഹ്വാനമോ ഇല്ലാതെ ഇത്രയധികം വിദ്യാർഥികൾ തെരുവിലിറങ്ങിയത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.
പ്രക്ഷോഭത്തെക്കുറിച്ച് ഒരു മന്ത്രി നടത്തിയ പ്രസ്താവനയും വിവാദമായി. ഇന്ത്യയിലെ മഹാരാഷ്ട്രയിൽ ഒറ്റ അപകടത്തിൽ 33 പേർ കൊല്ലപ്പെട്ടു. പക്ഷേ, അതേക്കുറിച്ച് നമ്മൾ പ്രതികരിക്കുന്നതുപോലെ അവർ പ്രതികരിച്ചോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. വിവാദ പരാമർശത്തിന് പിന്നാലെ മന്ത്രി മാപ്പപേക്ഷിച്ചെങ്കിലും അദ്ദേഹത്തിെൻറ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭകർ സമരം ശക്തമാക്കി.
റോഡ് സുരക്ഷ ശക്തമാക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാർഥികൾ വഴങ്ങിയിട്ടില്ല.
കഴിഞ്ഞ ഒരുവർഷത്തിനിടെ രാജ്യത്ത് 4200 കാൽനടക്കാർ മരിച്ചതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.