ധാക്ക: ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുള്ള പാർലമെൻറിെൻറ സവിശേഷഅധികാരം റദ്ദാക്കുന്ന ഭരണഘടന ഭേദഗതി സംബന്ധിച്ച വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാർ സിൻഹ അവധിയെടുത്ത് വിദേശത്തേക്ക് കടന്നു. വിധി വിവാദമായതോടെയാണ് ചീഫ് ജസ്റ്റിസ് നാടുവിട്ടതെന്നാണ് റിപ്പോർട്ട്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് സിൻഹ അവധിയെടുത്തതെന്നാണ് സർക്കാർ വിശദീകരണം. ആസ്ട്രേലിയയിൽ മകളുടെയടുത്തേക്കാണ് സിൻഹ പോയതെന്നാണ് നിയമകാര്യമന്ത്രാലയത്തിെൻറ വിശദീകരണം. അതിനിടെ, അവധിയിൽ പ്രവേശിച്ച ചീഫ് ജസ്റ്റിസിനെതിരെ അഴിമതിക്കേസിൽ അന്വേഷണം നടത്തുമെന്ന് ബംഗ്ലാദേശ്സർക്കാർ അറിയിച്ചു.
രാജ്യത്തെ ഹിന്ദുമതവിഭാഗത്തിൽപെട്ട ആദ്യ ചീഫ് ജസ്റ്റിസാണ് എസ്.കെ. സിൻഹ. കഴിഞ്ഞ ജൂലൈയിലാണ് സർക്കാറും നീതിന്യായവിഭാഗവും തമ്മിലുള്ള പ്രശ്നം തുടങ്ങിയത്. സുപ്രീംകോടതി ജഡ്ജിമാരെ ഇംപീച്ച് ചെയ്യാൻ പാർലമെൻറിന് അധികാരം നൽകുന്ന 16ാം ഭരണഘടനഭേദഗതി കോടതി അസാധുവാക്കിയതിനെ തുടർന്നാണിത്. ഇൗ നടപടി മുതിർന്ന രാഷ്ട്രീയനേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. നിലവിലെ കലുഷിതസാഹചര്യത്തിൽ താൻ ഒക്ടോബർ രണ്ടിന് രാജിവെക്കുമെന്ന് സിൻഹ മറ്റ് ജഡ്ജിമാരെ അറിയിച്ചിരുന്നുവത്രെ. എന്നാൽ, ഒക്ടോബർ രണ്ടിന് ഒരുമാസത്തെ അവധി ആവശ്യപ്പെട്ട് അദ്ദേഹം പ്രസിഡൻറിന് കത്തുനൽകുകയാണുണ്ടായത്.
പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ പുറത്താക്കിയ സുപ്രീംകോടതിവിധിയും സിൻഹ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് പാകിസ്താനുമായി താരമത്യം ചെയ്ത നടപടി പാർലമെൻറിനെയും പ്രസിഡൻറിനെയും അപമാനിക്കുന്നതിന് തുല്യമാണെന്നും സിൻഹ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശൈഖ് ഹസീന രംഗത്തുവന്നു.
2018ലാണ് ഇദ്ദേഹത്തിെൻറ കാലാവധി അവസാനിക്കുന്നത്. തുടർന്ന് സ്വതന്ത്രമായി ഇടപെടാനുള്ള ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് ആശങ്കയുണ്ടെന്ന് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തെൻറ അഭാവത്തിൽ ആക്റ്റിങ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജഡ്ജി ഭരണകൂടത്തിെൻറ താൽപര്യമനുസരിച്ച് സുപ്രീംകോടതിയുടെ അധികാരകാര്യങ്ങൾ മാറ്റിമറിക്കുമെന്നും അദ്ദേഹം ആശങ്കയറിയിച്ചു.
താൻ രോഗബാധിതനാണെന്ന റിപ്പോർട്ട് നിഷേധിച്ച സിൻഹ താൽക്കാലികമായി വിട്ടുനിൽക്കൽ അനിവാര്യമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.