ബെയ്ജിങ്: ചൈനയും പാകിസ്താനും തമ്മിലുള്ള സൗഹാർദബന്ധം പാറപോലെ ഉറച്ചതും ഒരിക്കലും ഭേദിക്കാനാവാത്തതുമാണെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു ഷിയുടെ പ്രസ്താവന. അന്താരാഷ്ട്ര-പ്രാദേശികതലത്തിലുള്ള പ്രശ്നങ്ങൾക്ക് ഈ ബന്ധം തകർക്കാനാവില്ലെന്നും ഷി വ്യക്തമാക്കി. കശ്മീരിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്.
പാകിസ്താൻ ഉയർത്തുന്ന അടിസ്ഥാനപ്രശ്നങ്ങൾക്ക് പൂർണ പിന്തുണ നൽകും. തെറ്റും ശരിയും ഞങ്ങൾക്ക് ബോധ്യപ്പെട്ടതാണ്. തർക്കം പാകിസ്താനും ഇന്ത്യയും ചർച്ചയിലൂടെ പരിഹരിക്കുകയാണ് ഏറ്റവും അഭികാമ്യമെന്നും ഷി കൂട്ടിച്ചേർത്തു.
ഷി–ഇംറാൻ കൂടിക്കാഴ്ചയിൽ കശ്മീർ ചർച്ച; പ്രതിഷേധിച്ച് ഇന്ത്യ
ന്യൂഡൽഹി: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി നടന്ന കൂടിക്കാഴ്ചയിൽ കശ്മീർ ചർച്ചയാക്കിയത് അനുചിതമെന്ന് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തം. ഇന്ത്യയുടെ നിലപാട് എന്താണെന്ന് ചൈനക്ക് നന്നായി അറിയാം. മറ്റു രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയേണ്ട -വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.