ധാക്ക: ‘മോറ’ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതിെന തുടർന്ന് ബംഗ്ലാദേശിൽ വ്യാപക നാശം. ചൊവ്വാഴ്ചയുണ്ടായ കാറ്റിൽ രാജ്യത്തിെൻറ തീരപ്രദേശങ്ങളിലെ മൂന്നര ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ആറുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗാൾ ഉൾക്കടലിലെ ചെറു ദ്വീപുകളിൽ നൂറുകണക്കിന് വീടുകൾ തകർന്നിട്ടുമുണ്ട്. മേഖലയിലെ ജനങ്ങളെ പ്രത്യേകം സജ്ജീകരിച്ച അഭയാർഥി ക്യാമ്പുകളിലും സ്കൂളുകളിലും സർക്കാർ ഒാഫിസുകളിലും താമസിപ്പിച്ചിരിക്കയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അയൽരാജ്യമായ മ്യാൻമറിൽനിന്ന് വംശീയ കലാപംമൂലം അഭയാർഥികളായെത്തിയ രണ്ട് ലക്ഷത്തോളം റോഹിങ്ക്യൻ മുസ്ലിംകളെയും ദുരിതം ബാധിച്ചിട്ടുണ്ട്. ഇവർ കഴിയുന്ന മേഖലകളിലാണ് മഴയും കാറ്റും ശക്തമായിരിക്കുന്നത്. താൽകാലികമായി ഇവർക്ക് വേണ്ടി സജ്ജീകരിച്ച വീടുകളും ടെൻറുകളും തകർന്നു. മത്സ്യബന്ധനം ഉപജീവനമാർഗമായ തീരപ്രദേശത്തുള്ളവരാണ് ദുരന്തത്തിന് കൂടുതൽ ഇരകളാക്കപ്പെടുന്നത്. മത്സ്യബന്ധനത്തിന് കടലിൽ പോയ നിരവധിപേരെ കാണാതായതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ബംഗ്ലാദേശിൽ കനത്ത കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.