ഇസ്ലാമാബാദ്: രാഷ്ട്രീയ ഭാവി തന്നെ അസ്ഥിരമാക്കിയ അഴിമതിക്കേസിൽ ജയിൽശിക്ഷയനുഭവിക്കുകയായിരുന്ന പാ ക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബത്തിനും മോചനം. ശരീഫിനെയും മകൾ മർയത്തെയും മരുമകൻ മുഹമ്മദ് സഫ്ദറിനെയും ജാമ്യത്തിൽ വിട്ടയക്കാൻ ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിട്ടതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. 2018 ജൂൈല 13നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിധിപുറത്തുവന്നതോടെ ബുധനാഴ്ച വൈകീട്ട് ശരീഫിനെയും മകളെയും മരുമകനെയും ഇസ്ലാമാബാദിലെ അദ്യാല ജയിലിൽ നിന്ന് വിട്ടയച്ചു. കനത്ത സുരക്ഷ അകമ്പടിയോടെ നൂർ ഖാൻ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. പ്രത്യേക വിമാനത്തിൽ ലാഹോറിലെത്തിക്കും. പത്നി കുൽസൂം അന്തരിച്ച് ഒരാഴ്ച കഴിയുന്നതിനിടെയാണ് ശരീഫിന് ആശ്വാസമായി കോടതി വിധി. മരണാനന്ത ചടങ്ങുകൾക്ക് ശരീഫിനും കുടുംബത്തിനും പരോൾ അനുവദിച്ചിരുന്നു. പരോൾ കഴിഞ്ഞ് തിങ്കളാഴ്ച വീണ്ടും ജയിലിലേക്ക് മടങ്ങി. കേസിൽ വിചാരണ കോടതി വിധി ഹൈകോടതിയുടെ രണ്ടംഗബെഞ്ച് സ്റ്റേ ചെയ്തു. വിചാരണ കോടതി വിധിക്കെതിരെ ശരീഫും കുടുംബവും നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്.
അഞ്ചുലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം ലഭിച്ചത്. വിധി പുറത്തുവന്നതോടെ ശരീഫിെൻറ അനുയായികൾ ആഹ്ലാദപ്രകടനം നടത്തി. ലണ്ടനിൽ ആഡംബര ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് പാനമ രേഖകൾ പുറത്തുവിട്ടഅഴിമതി കേസിലാണ് മൂവരെയും ശിക്ഷിച്ചത്. ശരീഫിന് 10ഉം മകൾക്ക് ഏഴും മരുമകന് ഒരുവർഷം തടവുമാണ് വിധിച്ചത്. കേസ് നിലനിൽക്കുമെന്ന അഴിമതിവിരുദ്ധ കോടതിയുടെ (എൻ.എ.ബി) വാദം ഹൈകോടതി തള്ളി. കാര്യസാധ്യത്തിനായി നടപടിക്രമങ്ങളിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് എൻ.എ.ബി അഭിഭാഷകന് പിഴ ചുമത്തിയിട്ടുമുണ്ട്.
വിധിപ്രഖ്യാപനവേളയിൽ ശരീഫിെൻറ സഹോദരൻ ശഹബാസ്, മുതിർന്ന നേതാക്കളായ പർവേസ് റാഷിദ്, ഖുർറം ദസ്ഗിർ എന്നിവർ കോടതിയിലുണ്ടായിരുന്നു.
കേസിെൻറ നാൾവഴികൾ
2016 ഏപ്രിലിലാണ് കേസിനാസ്പദ പാനമ അഴിമതിക്കേസ് പുറത്തുവന്നത്. ഏപ്രിൽ അഞ്ചിന് കേസ് അന്വേഷണത്തിന് പ്രത്യേക ജുഡീഷ്യൽ കമ്മിറ്റിയെ ശരീഫ് ചുമതലപ്പെടുത്തി.
എന്നാൽ, പി.എം.എൽ സർക്കാർ ചുമതലപ്പെടുത്തിയ കമ്മിറ്റി അംഗീകരിക്കാൻ പ്രതിപക്ഷം തയാറായില്ല. തുടർന്ന്, അതേവർഷം നവംബറിൽ കേസ് ഏറ്റെടുക്കാൻ പാക് സുപ്രീംകോടതി തീരുമാനിച്ചു. ലണ്ടനിലെ സ്വത്തുവകകൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
2017 ജനുവരിയിൽ ശരീഫും കുടുംബവും രേഖകൾ സമർപ്പിച്ചു. ഏപ്രിലിൽ കേസിെൻറ തുടർനടപടികൾക്കായി പ്രത്യേക അന്വേഷണസംഘത്തെ സുപ്രീംകോടതി നിയോഗിച്ചു. നിരന്തരമായ ചോദ്യം ചെയ്യലിലൂടെ ശരീഫും കുടുംബവും കുറ്റക്കാരാണെന്നു കാണിച്ച് 2017 ജൂലൈയിൽ സംഘം സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി.
ജൂലൈ 28ന് അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ശരീഫിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഉത്തരവിട്ടു. ശരീഫിന് തെരെഞ്ഞടുപ്പിൽ മത്സരിക്കുന്നതിനും പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിനും ആജീവനാന്തം വിലക്കേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.