വാഷിങ്ടൺ: 1986ൽ നടന്ന പാനാം വിമാന റാഞ്ചലിലെ നാലു പ്രതികളുടെ രേഖാചിത്രം അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.െഎ) പുറത്തുവിട്ടു. 2008ൽ കറാച്ചിയിലെ ജയിലിൽനിന്ന് രക്ഷപ്പെട്ട പ്രതികളുടെ ഇപ്പോഴത്തെ മുഖം എയ്ജ് പ്രോഗ്രഷൻ സാേങ്കതികത ഉപയോഗിച്ച് സൃഷ്ടിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്.
വദൂദ് മുഹമ്മദ് ഹാഫിസ് അൽ തുർക്കി, ജമാൽ സഇൗദ് അബ്ദുറഹീം, മുഹമ്മദ് അബ്ദുല്ല ഖലീൽ ഹുസൈൻ അൽ റയ്യാൽ, മുഹമ്മദ് അഹ്മദ് അൽ മുനവ്വർ എന്നിവരാണ് പിടികിട്ടാനുള്ള പ്രതികൾ. മുഖ്യപ്രതി സൈദ് ഹസൻ അബ്ദുല്ലത്തീഫ് സഫറീനി അടക്കം എല്ലാ പ്രതികളെയും പിടികൂടിയിരുന്നു. പാക് കോടതി വിധിച്ച ശിക്ഷ അനുഭവിക്കവെ കറാച്ചി ജയിലിൽനിന്ന് നാലു പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
1986 സെപ്റ്റംബർ അഞ്ചിന് 365 യാത്രക്കാരും 16 ജീവനക്കാരുമായി മുംബൈയിൽനിന്ന് കറാച്ചി, ഫ്രാങ്ക്ഫുർട്ട് വഴി ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന പാൻ അമേരിക്കൻ വേൾഡ് എയർവേയ്സിെൻറ (പാനാം) ബോയിങ് 747--121 വിമാനമാണ് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ റാഞ്ചികൾ നിയന്ത്രണത്തിലാക്കിയത്. 16 മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്കുശേഷം പാക് കമാൻഡോകൾ റാഞ്ചികളെ കീഴടക്കുേമ്പാഴേക്കും 43 പേർ കൊല്ലപ്പെട്ടിരുന്നു.
നിരവധി പേരെ രക്ഷിച്ചശേഷം ഇന്ത്യൻ ഫ്ലൈറ്റ് അറ്റൻഡൻറ് നീരജ ഭാനോട്ട് കൊല്ലപ്പെട്ടത് ഇൗ വിമാന റാഞ്ചലിലാണ്. റാഞ്ചികൾ വിമാനത്തിെൻറ നിയന്ത്രണമേറ്റെടുത്തതായി പ്രഖ്യാപിച്ചതോടെ പൈലറ്റും കോപൈലറ്റും ഫ്ലൈറ്റ് എൻജിനീയറും കോക്പിറ്റ് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഇതോടെ ഫ്ലൈറ്റ് അറ്റൻഡൻറായ നീരജ വിമാനത്തിലെ ജീവനക്കാരുടെ നേതൃത്വമേറ്റെടുത്ത് യാത്രക്കാരെ റാഞ്ചികളിൽനിന്ന് രക്ഷിക്കാൻ ധീരശ്രമം നടത്തുകയായിരുന്നു.
‘അബൂനിദാൽ’ സംഘടനയിലെ അംഗങ്ങളായ റാഞ്ചികൾ വിമാനത്തിലെ അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് എത്തിയത്. അമേരിക്കക്കാരെ തിരിച്ചറിയുന്നതിനായി മുഴുവൻ യാത്രക്കാരുടെയും പാസ്പോർട്ടുകൾ വാങ്ങാൻ റാഞ്ചികൾ കൽപിച്ചെങ്കിലും നീരജയുടെ നേതൃത്വത്തിൽ ജീവനക്കാർ അമേരിക്കക്കാരുടെ പാസ്പോർട്ടുകൾ ഒളിപ്പിച്ചു. ഒടുവിൽ പാക് കമാൻഡോകൾ വിമാനത്തിലേക്ക് ഇരച്ചുകയറാൻ തുടങ്ങിയതോടെ റാഞ്ചികൾ യാത്രക്കാർക്കുനേരെ വെടിവെപ്പ് തുടങ്ങി. ഇൗ ഘട്ടത്തിൽ സ്വന്തം ജീവൻ അപായപ്പെടുത്തി നീരജ പരമാവധി യാത്രക്കാരെ ഡോറിലൂടെ പുറത്തേക്കിറങ്ങാൻ സഹായിക്കുകയായിരുന്നു. ഇതുകണ്ട റാഞ്ചികളിലൊരാൾ നീരജയുടെ അടുത്തെത്തി പോയൻറ് ബ്ലാങ്കിൽ നെറ്റിയിൽ നിറയൊഴിച്ചതോടെ ആ ധീരവനിത രക്തസാക്ഷിയാവുകയായിരുന്നു. നീരജയുടെ ധീരതക്ക് പ്രണാമമർപ്പിച്ച് ഇന്ത്യ അശോകചക്ര പുരസ്കാരം സമ്മാനിച്ചിരുന്നു. അടുത്തിടെ നീരജയുടെ ധീരത പ്രതിപാദിക്കുന്ന ‘നീരജ’ എന്ന സിനിമയും പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.