ഇസ്ലാമാബാദ്: മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ നിർണായകമായത് പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ ചൈന സന്ദർശനം. ബെൽറ്റ് ആൻഡ് റോഡ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞ മാസം 25ന് ഇംറാൻ ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും മസ്ഉൗദിന് നൽകിവന്ന പിന്തുണ പിൻവലിക്കുന്നതിനെക്കുറിച്ച് ധാരണയിലെത്തിയത്.
ഷിയെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി ലെ കെക്വിയാൻ, വൈസ് പ്രസിഡൻറ് വാങ് ക്വിഷാൻ എന്നിവരുമായും ഇംറാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ തീരുമാനമെടുക്കുന്നതിനു തൊട്ടുമുമ്പും ചൈനീസ് പാക്-നേതാക്കൾ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നതായി നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് പാക് പത്രമായ എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു. ശ്രദ്ധാപൂർവം കാര്യങ്ങൾ അവലോകനം ചെയ്താണ് ചൈന ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പ്രതികരിച്ചു.
മസ്ഊദ് എവിടെ?
ഭീകരപ്പട്ടികയിൽ പെടുത്തിയതോടെ മസ്ഊദിന് യാത്രാവിലക്കുണ്ടാകും. അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്തുക്കൾ മരവിപ്പിക്കും. ആയുധ ഉപരോധവും ചുമത്തും. എന്നാൽ, ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നു എന്നതുകൊണ്ട് മസ്ഉൗദിനെ തടവിലാക്കുന്നു എന്നർഥമില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മസ്ഊദ് എവിടെയാണുള്ളത് എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ഗുരുതര രോഗം ബാധിച്ചുവെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായപ്പോൾ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി മസ്ഊദ് പാകിസ്താനിലുണ്ടെന്ന് സമ്മതിച്ചതു മാത്രമാണ് തെളിവ്. രോഗബാധിതനാണെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. പുൽവാമ ഭീകരാക്രമണത്തിനുശേഷം പാകിസ്താനു പുറമെ ചൈനക്കും യു.എസിെൻറ സമ്മർദമുണ്ടായിരുന്നു. തുടർന്നാണ് ഇംറാൻ സർക്കാർ മസ്ഉൗദിെൻറ സ്വത്തുക്കൾ കണ്ടുകെട്ടാനും ജയ്ശെ മുഹമ്മദ് ഉൾപ്പെടെയുള്ള നിരവധി ഭീകരസംഘടനകളെ നിരോധിക്കാനും ഉത്തരവിട്ടത്.
ബുധനാഴ്ചയാണ് മസ്ഊദിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. നിരവധി തവണ മസ്ഉൗദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എൻ രക്ഷാസമിതിക്കു മുന്നിൽ വന്നെങ്കിലും അതെല്ലാം ചൈന തടയുകയായിരുന്നു. പുൽവാമ ഭീകരാക്രമണത്തിനുശേഷവും മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം രക്ഷാസമിതിയുടെ മുന്നിലെത്തി. ഇക്കഴിഞ്ഞ മാർച്ചിലും വിഷയം പരിഗണിച്ചപ്പോൾ മസ്ഊദിനെ കരിമ്പട്ടികയിൽപെടുത്തുന്നത് തൽക്കാലം മാറ്റിവെക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ടുവെച്ചത്. ആ നിലപാടാണ് ഇപ്പോൾ മയപ്പെടുത്തിയത്. എന്നാൽ പ്രമേയത്തിൽനിന്ന് പുൽവാമ ഭീകരാക്രമണം, കശ്മീരിലെ ഭീകരത എന്നിവ സംബന്ധിച്ച പരാമർശങ്ങൾ നീക്കേണ്ടിവന്നതായാണ് സൂചന.
ഭീകരതക്കെതിരെ യോജിച്ച എല്ലാ രാജ്യങ്ങൾക്കും ഇന്ത്യയുടെ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ നന്ദി അറിയിച്ചു. അതിനിടെ, മസ്ഉൗദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ വിജയമല്ലെന്നും പാകിസ്താൻ പ്രതികരിച്ചു. കാന്തഹാര്‍ വിമാനം റാഞ്ചിയ ഭീകരവാദികളുടെ ആവശ്യത്തെ തുടര്‍ന്ന് 1999 ഡിസംബര്‍ 31നാണ് മസ്ഉൗദിനെ ഇന്ത്യ മോചിപ്പിച്ചത്.
പിന്നീട് ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്കു പിന്നിൽ ഇയാളായിരുന്നു. ഏറ്റവും ഒടുവിലായി നടന്ന പുല്‍വാമ ആക്രമണത്തിനു പിന്നിലും ജയ്ശെ മുഹമ്മദ് തന്നെയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും തെളിവുകളില്ലെന്നായിരുന്നു പാക് വാദം.
യു.എസിെൻറ നയതന്ത്രവിജയം –പോംപിയോ
വാഷിങ്ടൺ: ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്രവിജയമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. മസ്ഉൗദിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രമേയത്തെ അനുകൂലിക്കാന്‍ ഇത്രനാളും തടസ്സവാദങ്ങൾ ഉന്നയിച്ചത് ചൈനയായിരുന്നു. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനാല്‍ ഇനി തടസ്സംനില്ക്കില്ലെന്ന് ചൈന ഉറപ്പുനൽകിയതോടെയാണ് മസ്ഉൗദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ എളുപ്പമായത്. ‘‘ മസ്ഊദ് അസ്ഹറിെൻറ വിഷയത്തില്‍ പിന്തുണച്ച മുഴുവന്‍ ടീമിനും അഭിനന്ദനങ്ങൾ. നാളുകളായി കാത്തിരുന്ന ഈ വിജയം അമേരിക്കന്‍ നയതന്ത്രത്തിെൻറ വിജയമാണ്. മാത്രമല്ല തീവ്രവാദത്തിനെതിെര നിലകൊണ്ട അന്താരാഷ്ട്ര സമൂഹത്തിെൻറകൂടി വിജയമാണത്. ഇത് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള അതിപ്രധാനമായ കാല്‍വെപ്പുകൂടിയാണ്’’ -പോംപിയോ ട്വിറ്ററില്‍ കുറിച്ചു.
10 വര്‍ഷത്തിനുശേഷം തടസ്സവാദം നീക്കിയ ചൈനയുടെ നടപടി ഉചിതമാണെന്ന് വൈറ്റ് ഹൗസ് പ്രതിനിധി അറിയിച്ചിരുന്നു. തീവ്രവാദത്തിനെതിരെയുള്ള തങ്ങളുടെ നിലപാട് വെറും വാചകമടി മാത്രമല്ലെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതിെൻറ ആവശ്യകത ചൈന തിരിച്ചറിഞ്ഞെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.