തെഹ്റാൻ: യു.എസിെൻറ ഏതു നീക്കത്തെയും നേരിടാൻ ഒരുക്കമാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പ്രതികരിച്ചു. ആണവ കരാറിൽനിന്ന് യു.എസ് പിന്മാറുകയാണെങ്കിൽ ചില പ്രശ്നങ്ങൾ നേരിടാൻ തയാറായിരിക്കണമെന്ന് റൂഹാനി രാജ്യത്തെ ജനങ്ങളോട് ആഹ്വാനംചെയ്തു. തെഹ്റാനിൽ നടന്ന പെട്രോളിയം കോൺഫറൻസിലാണ് ട്രംപിെൻറ പേരെടുത്തു പറയാതെ, വരാനിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു റൂഹാനി മുന്നറിയിപ്പു നൽകിയത്. ‘‘രണ്ടോ മൂന്നോ മാസത്തേക്കു നമുക്കു ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ, അതെല്ലാം കടന്നു നാം മുന്നോട്ടുപോകും. വിവിധ രാജ്യങ്ങളുമായി ക്രിയാത്മക ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത്. അത് ഇനിയും തുടരും’’ -റൂഹാനി വ്യക്തമാക്കി. രാജ്യത്തിനുനേരെ ഉപരോധമുണ്ടായാലും ഇല്ലെങ്കിലും സ്വന്തം കാലിൽ നിൽക്കുകയാണു വേണ്ടത്. അതു രാജ്യത്തിെൻറ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും രാജ്യത്തോടുള്ള ടെലിവിഷൻ അഭിസംബോധനയിൽ നേരത്തേ റൂഹാനി വ്യക്തമാക്കിയിരുന്നു.
ട്രംപിെൻറ തീരുമാനം നേരിടുമെന്ന് ഇറാൻ വൈസ് പ്രസിഡൻറ് ഇഷാഖ് ജഹാംഗിരിയും വ്യക്തമാക്കി. യു.എസ് കരാറിൽനിന്നു പിന്മാറിയാലും രാജ്യത്തിെൻറ സമ്പദ്‌വ്യവസ്ഥക്ക് ഒന്നും സംഭവിക്കില്ലെന്ന് ഇറാൻ സെൻട്രൽ ബാങ്ക് തലവൻ വാലിയോല്ലാ സെയ്ഫ് പറഞ്ഞു. 2015ലാണ് യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ജർമനി, ചൈന, യൂറോപ്യൻ യൂനിയൻ എന്നീ വൻശക്തികൾ ഇറാനുമായി ആണവ കരാർ ഒപ്പുവെച്ചത്. ആണവായുധങ്ങളുടെ ഉൽപാദനത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുന്നതിനു പകരമായി ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ നീക്കുകയും ചെയ്തു. എന്നാൽ, ഒബാമ ഭരണകൂടം കൊണ്ടുവന്ന കരാർ വൻ അബദ്ധമാണെന്നായിരുന്നു ട്രംപിെൻറ പ്രതികരണം.
ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു കൂടിയാണ്. ആണവ കരാർ ബാലിസ്റ്റിക് മിസൈൽ നിർമാണത്തിനുൾപ്പെടെ ഇറാനു മേൽ പൂർണ നിയന്ത്രണം കൊണ്ടുവരുന്നില്ലെന്നായിരുന്നു പരാതി. സിറിയയിലെയും യമനിലെയും ഇടപെടലിൽനിന്ന് ഇറാനെ തടയുന്ന ഒന്നും കരാറിൽ ഇല്ല. കരാറിൽ ഭേദഗതി വരുത്തി, ആണവായുധങ്ങളുടെ നിർമാണത്തിൽ ഇറാന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.