വാഷിങ്ടൺ: എച്ച്-1ബി വിസയെ താൻ അനുകൂലിക്കുന്നുണ്ടെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എച്ച്-1ബി വിസ തനിക്ക് ഇഷ്ടമാണ്. അതിനെ അനുകൂലിക്കുന്ന നിലപാടാണ് താൻ എപ്പോഴും സ്വീകരിക്കുന്നതെന്ന് ന്യുയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഡോണൾഡ് ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഒപ്പമുള്ളവരിൽ തന്നെ എച്ച്-1ബി വിസയെ സംബന്ധിച്ച് ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ഡോണൾഡ് ട്രംപിന്റെ പരാമർശം. ഒരു വശത്ത് എച്ച്-1ബി വിസയെ എതിർക്കുന്ന വിഭാഗവും മറുവശത്ത് വിസക്ക് വേണ്ടി വാദിക്കുന്ന ഇലോൺ മസ്കിനെ പോലുള്ളവരും തമ്മിലുള്ള പോരാട്ടമാണ് ട്രംപിന്റെ പാളയത്തിൽ തന്നെ നടക്കുന്നത്.
വലതുപക്ഷ ഇൻഫ്ലുവൻസറായ ലൗറ ലൂമറിന്റെ പ്രതികരണമാണ് എച്ച്-1ബി വിസ സംബന്ധിച്ച ചർച്ചകൾക്ക് യു.എസിൽ തുടക്കമിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച ഉപദേശകനായി ട്രംപ് ശ്രീറാം കൃഷ്ണനെ നിയമിച്ചതോടെയാണ് ലൗറ ലൂമറിന്റെ പ്രതികരണം വന്നത്.
ട്രംപിന്റെ നീക്കം അമേരിക്ക ഫസ്റ്റ് പോളിസിക്ക് എതിരാണെന്നാണ് ലൗറയുടെ വിമർശനം. അതേസമയം, ഇലോൺ മസ്ക്, വിവേക് രാമസ്വാമി എന്നിവർ എച്ച്-1ബി വിസയെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എച്ച്-1ബി വിസയില്ലാതെ അമേരിക്കൻ ടെക് വ്യവസായത്തിന് പിടിച്ചുനിൽക്കാനാവില്ലെന്നാണ് ഇവരുടെ അഭിപ്രായം. എച്ച്-1ബി വിസയെ എതിർക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിൽ ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.