ഇസ്ലാമാബാദ്: അടുത്ത ബുധനാഴ്ച നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് പാകിസ്താനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അഴിമതിക്കേസിൽ പ്രതിച്ഛായ നഷ്ടപ്പെട്ട ഭരണകക്ഷി പാകിസ്താൻ മുസ്ലിം ലീഗിന്(നവാസ്-പി.എം.എൽ) മുഖംരക്ഷിക്കാനുള്ള ശ്രമം കൂടിയാണിത്. തുടർച്ചയായ രണ്ടാംതവണയാണ് പാകിസ്താനിൽ ഒരു രാഷ്ട്രീയ പാർട്ടി അഞ്ചുവർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടിയാണ് ആദ്യമായി അഞ്ചുവർഷ ഭരണകാലാവധി തികച്ചത്. അധികാരകാലാവധി പൂർത്തിയാക്കിയതോടെ ഭരണത്തുടർച്ചക്കാണ് പി.എം.എൽ ശ്രമിക്കുന്നത്.
പാർട്ടിയുടെ ജീവനാഡിയായ നവാസ് ശരീഫ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അഴിക്കുള്ളിലായതൊന്നും അണികളെ തളർത്തുന്നില്ല. നവാസിെൻറ അഭാവത്തിൽ സഹോദരൻ ശഹബാസ് ശരീഫിനാണ് പാർട്ടിയുടെ കടിഞ്ഞാൺ. അഴിമതി, തീവ്രവാദം, സാമ്പത്തിക അസ്ഥിരത, ഇന്ത്യയുമായുള്ള ബന്ധം എന്നിവയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന പ്രധാന വിഷയങ്ങൾ. 10.6 കോടി പേർക്കാണ് വോട്ടവകാശമുള്ളത്. ജനസംഖ്യയിൽ ലോകത്ത് ആറാംസ്ഥാനത്താണ് പാകിസ്താൻ. 272 അംഗ പാർലമെൻറിൽ 60 സീറ്റ് സ്ത്രീകൾക്ക് സംവരണം ചെയ്തതാണ്; 10 എണ്ണം ന്യൂനപക്ഷ വിഭാഗങ്ങൾക്കും. ചരിത്രംകുറിച്ച് ഇക്കുറി ട്രാൻസ്െജൻഡർ വ്യക്തികളും മത്സരിക്കുന്നുണ്ട്.
അഴിമതി
ഇത്തവണ തെരഞ്ഞെടുപ്പിൽ നിർണായകമാവുന്നത് അഴിമതിയാണ്. സുപ്രധാന പദവിയിലുള്ളവരിൽ കൂടുതലും അഴിമതിക്കേസിൽ ഉൾപ്പെട്ടവരാണ്. പാനമരേഖകൾ പുറത്തുവിട്ട അഴിമതിക്കേസിലാണ് നവാസ് ശരീഫിെൻറ പ്രധാനമന്ത്രിപദം തെറിച്ചത്. അഴിമതി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചാണ് കൂടുതൽ രാഷ്ട്രീയ നേതാക്കളും വോട്ടുപിടിക്കുന്നത്; പ്രത്യേകിച്ച് ശരീഫിെൻറ ബദ്ധശത്രുവും തെഹ്രീെക ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ. ശരീഫും കുടുംബവും കൊള്ളയടിച്ച പണം ഖജനാവിലേക്ക് തിരിച്ചെത്തിക്കുമെന്നാണ്പ്ര ധാന വാഗ്ദാനം. ഇൗ കളിയിൽ അന്തിമവിജയം തനിക്കാണെന്ന് പ്രഖ്യാപിച്ച ഇംറാൻ ഖാൻ സ്വപ്നംകാണുന്നത് പ്രധാനമന്ത്രിപദമാണ്. എന്നാൽ ഖാനും അഴിമതിക്കാരനാണെന്നാണ് പാകിസ്താൻ പീപ്പ്ൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭുേട്ടാ ആരോപിക്കുന്നത്.
തീവ്രവാദം
അഴിമതി കഴിഞ്ഞാൽ പാകിസ്താൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് തീവ്രവാദം. തെരഞ്ഞെടുപ്പും രാഷ്ട്രീയക്കാരും എക്കാലവും ഭീകരരുടെ ലക്ഷ്യമാണ്. തെരഞ്ഞെടുപ്പു റാലിക്കിടെ 2007ൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടാ വധിക്കപ്പെട്ടത് ഉദാഹരണം. അടുത്തിടെ തെരഞ്ഞെടുപ്പു റാലിക്കിടയിൽ നടന്ന ആക്രമണത്തിൽ അവാമി നാഷനൽ പാർട്ടിയുടെ സ്ഥാനാർഥി ഹാരൂൺ ബിലാവൂർ കൊല്ലപ്പെട്ടു. പെഷാവറിനടുത്ത ഖൈബർ പഖ്തൂൻഖ്വയിലെ ആക്രമണത്തിൽ നൂറിലേറെ പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. 2017ലും സമാനരീതിയിൽ സംഭവങ്ങൾ നടന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തീവ്രവാദസംഘടനകളുടെ രാഷ്ട്രീയ പാർട്ടികളും മത്സരത്തിനുണ്ട്. മുംബൈ ഭീകരാക്രമണത്തിെൻറ ആസൂത്രകൻ ഹാഫിസ് സഇൗദ് നേതൃത്വംനൽകുന്ന ജമാഅത്തുദ്ദഅ്വയുടെ കീഴിലുള്ള മില്ലി മുസ്ലിം ലീഗ് ഉദാഹരണം. സഇൗദിെൻറ മകനും മരുമകനും സ്ഥാനാർഥികളാണ്. മില്ലി മുസ്ലിംലീഗിെന രാഷ്ട്രീയപാർട്ടിയായി അംഗീകരിക്കാൻ പാക് തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല. തീവ്രവാദസംഘടനകൾ തെരഞ്ഞെടുപ്പിൽ സജീവമാകുന്നത് സർക്കാർ രൂപവത്കരണത്തെ വരെ ബാധിക്കുമെന്ന് ഒബ്സർവർ റിസർച് ഫൗണ്ടേഷൻ വിലയിരുത്തുന്നു.
സാമ്പത്തികം
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാകിസ്താൻ അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് വീണ്ടും കടം വാങ്ങേണ്ടിവരുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് വർധിച്ചുവരുന്ന വ്യാപാരക്കമ്മി നികത്താൻ മറ്റു വഴിയില്ലെന്നാണ് കാവൽ മന്ത്രിസഭയിലെ ധനമന്ത്രി ശംശാദ് അഖ്തർ പറയുന്നത്. കേന്ദ്രബാങ്ക് രൂപയുടെ മൂല്യം കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ അടിസ്ഥാന സാമ്പത്തികവളർച്ചയും പിന്നോട്ടാണ്. അതിനുപുറമെ വലിയതോതിൽ വൈദ്യുതക്ഷാമവും അനുഭവിക്കുന്നുണ്ട്. പൊതുകടത്തിെൻറ തോത് വർധിച്ചു. 2017-18 കാലയളവിൽ 5.8 ശതമാനമാണ് സാമ്പത്തിക വളർച്ച. സർക്കാർ കണക്കുകൂട്ടിയതിലും രണ്ടു ശതമാനം കുറവാണിത്. വർധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളും രാജ്യത്തിെൻറ സാമ്പത്തികനില പിന്നോട്ടടിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്.
ഇന്ത്യൻ ബന്ധം
തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന മറ്റൊരു വിഷയമാണ് അയൽരാജ്യമായ ഇന്ത്യയുമായുള്ള ബന്ധം. പി.എം.എൽ പൊതുവെ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന പാർട്ടിയാണ്. അതു സൂചിപ്പിച്ചാണ് ഇൗ മാസം മൂന്നിനു നടന്ന റാലിയിൽ, അമേരിക്കയുടെ അടിമകളായി പ്രവർത്തിക്കുന്നവർക്കും ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്കും വോട്ട് ചെയ്യണമോയെന്ന് ജനം തീരുമാനിക്കണമെന്ന് ഹാഫിസ് സഇൗദ് പറഞ്ഞത്. പി.എം.എൽ നേതാവായ ശഹബാസ് ശരീഫ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിംഗപ്പൂരിൽ ബദ്ധവൈരികളായ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡൻറ് കിം േജാങ് ഉന്നും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു അത്. ഇൗ വിഷയത്തിൽ ആദ്യമായാണ് ശഹബാസ് അത്തരമൊരു പ്രസ്താവന നടത്തുന്നതും. പി.എം.എലിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയും ശഹബാസ്ആണ്. താൻ അധികാരത്തിലേറിയാൽ ഇന്ത്യയും അഫ്ഗാനിസ്താനുമായുള്ള പാകിസ്താെൻറ ബന്ധം മെച്ചപ്പെടുത്താൻ മുൻകൈ എടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.