അമ്മാൻ: ജോർദാൻ പ്രധാനമന്ത്രി ഹാനി മുൽകി രാജിവെച്ചു. രാജ്യത്ത് നടപ്പാക്കിയ പുതിയ നികുതി പരിഷ്കരണ നിയമം കാരണം ജനം തെരുവിലിറങ്ങുകയും സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് രാജി.
അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണയോടെ രൂപപ്പെടുത്തുന്ന പുതിയ നിയമം ജീവിതച്ചെലവ് വർധിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജനം തെരുവിലിറങ്ങിയത്. രാജ്യത്തെ സമ്പന്നരെ സഹായിക്കുന്നതും ദരിദ്രരെയും മറ്റുള്ളവരെയും ഉപദ്രവിക്കുന്നതുമാണ് പുതിയ കരട് ബില്ലെന്നും പ്രക്ഷോഭകർ ആരോപിച്ചു.
എന്നാൽ പൊതു സേവനങ്ങൾക്ക് പണം ആവശ്യമുണ്ടെന്നും പുതിയ നികുതി പരിഷ്കരണം കൂടുതൽ വരുമാനമുള്ളവരെയാണ് ബാധിക്കുകയെന്നുമായിരുന്നു മുൽകിയുടെ പ്രതികരണം. ബില്ല് പിൻവലിക്കുന്നതിന് മുൽകി വിസമ്മതിച്ചിരുന്നു. പാസാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലിമെൻറാണെന്നായിരുന്നു മുൽകി അറിയിച്ചത്.
പ്രധാനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭാ ഒാഫിസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കഴിഞ്ഞദിവസം ടിയർഗ്യാസ് പ്രയോഗിക്കിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.