ആറ് പതിറ്റാണ്ട് നീണ്ട യുനൈറ്റഡ് മലായ് നാഷനൽ ഒാർഗനൈസേഷൻ (അംനോ) നേതൃത്വം നൽകുന്ന ഭരണസഖ്യമായ ‘ബാരിസൻ നാഷനലി’െൻറ എല്ലാ കുതന്ത്രങ്ങളെയും അതിജയിച്ച് പ്രതിപക്ഷ സഖ്യം അധികാരംപിടിച്ചു എന്നതാണ് മലേഷ്യൻ പൊതുതെരഞ്ഞെടുപ്പ് ഫലത്തിെൻറ പ്രത്യേകത. അഞ്ചുവർഷം മുമ്പ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോപുലർ വോട്ട് നേടിയിട്ടും ജയിലിലടക്കപ്പെട്ട മുൻ ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹീമിെൻറ കൈപ്പിടിയിൽനിന്നു കഴിഞ്ഞതവണ വഴുതിപ്പോയ വിജയം ഇത്തവണ പ്രതിപക്ഷം നേടിയെടുത്തത് പ്രത്യക്ഷ എതിരാളിയും പ്രതിയോഗിയുമായ മഹാതീറിനെ ഉപയോഗിച്ചാണ് എന്നതാണ് ഏറെ ശ്രദ്ധേയം. 47 സീറ്റ് നേടി പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ കക്ഷിയായ അൻവറിെൻറ പാർട്ടി കെ ആദിലാൻ എന്ന ജസ്റ്റിസ് പാർട്ടി, 13 സീറ്റ് മാത്രമുള്ള ‘ബർസാതു’ പാർട്ടിയുടെ അമരക്കാരൻ മഹാതീറിനെ പ്രധാനമന്ത്രിയാക്കാൻ കാണിക്കുന്ന വിശാലത ഒരു മാറ്റം വന്നേ തീരൂ എന്ന മലേഷ്യൻ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്.
ഈ മാറ്റം തടയാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ആവുന്നതൊെക്ക മറയില്ലാതെ പ്രധാനമന്ത്രി നജീബ് അബ്ദുറസാഖ് ചെയ്തിട്ടുണ്ട്. പൊതുഖജനാവിൽനിന്നു ചോർന്ന 260 കോടി റിംഗിറ്റ് നജീബിെൻറ പേഴ്സനൽ അക്കൗണ്ടിലുണ്ട് എന്ന റിപ്പോർട്ട് വന്നപ്പോൾ അത് പശ്ചിമേഷ്യയിലെ ഒരു രാജകുമാരൻ നൽകിയ സംഭാവനയാണെന്നായിരുന്നു മറുപടി. രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമികകക്ഷിയായ ‘പാസി’നെ പ്രതിപക്ഷനിരയിൽനിന്ന് അടർത്തി അംനോ അനുകൂല മനോഘടനയിലേക്ക് കൊണ്ടുവന്നത് മലായ് മുസ്ലിം ആധിപത്യം ചോർന്നുപോകും എന്ന മത കാർഡ് ഉപയോഗിച്ചാണ്. ഭരണ മുന്നണിക്കെതിരെ ‘പാസ്’ കക്ഷിയും പ്രതിപക്ഷ സഖ്യവും മത്സരിക്കുമ്പോൾ ത്രികോണ മത്സരത്തിെൻറ ആനുകൂല്യം ലഭിക്കും എന്നായിരുന്നു വിശ്വാസം. അൻവറിെൻറ ജയിൽവാസം ഈ മാസം തീരാനിരിക്കെ പെട്ടെന്ന് പാർലമെൻറ് പിരിച്ചുവിട്ട് തെരെഞ്ഞടുപ്പിനിറങ്ങിയതും അധികാരം ഉറപ്പിച്ചുനിർത്താനായിരുന്നു.
പാർലമെൻറ് േചർന്ന് നിലവിലുള്ള മണ്ഡലങ്ങൾ പുനർനിർണയിച്ച് ഉത്തരവിറക്കി. കഴിഞ്ഞതവണ പ്രതിപക്ഷം ജയിച്ച എല്ലാ മണ്ഡലത്തിലും വംശീയ സമവാക്യം അട്ടിമറിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഒപ്പം മഹാതീറിെൻറ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കി. പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്ന് ഒറ്റ ചിഹ്നത്തിൽ മത്സരിക്കാനുള്ള നീക്കവും നിരാകരിച്ചു. അൻവറിെൻറ പാർട്ടിയുടെ ചിഹ്നത്തിൽ എല്ലാ പ്രതിപക്ഷ കക്ഷികളും മത്സരിക്കേണ്ടിവന്നു. തെരഞ്ഞെടുപ്പ് പതിവുപോലെ ശനിയാഴ്ച നടത്തുന്നതിന് പകരം ബുധനാഴ്ചയിലേക്കു മാറ്റി നഗരങ്ങളിൽ കുടിയേറിയവർ വോട്ടിനുവേണ്ടി നാടുപിടിക്കുന്നത് തടഞ്ഞു.
സ്ഥാനാർഥികളുടെയോ സഖ്യത്തലവെൻറയോ ചിത്രം അല്ലാതെ മറ്റൊരു ചിത്രം പ്രദർശിപ്പിക്കുന്നത് തടഞ്ഞു. പല കാരണം പറഞ്ഞ് അഞ്ച് പ്രതിപക്ഷ സ്ഥാനാർഥികളുടെ നാമനിർദേശം തള്ളി. പ്രചാരണത്തിനൊടുവിൽ 27 വയസ്സിൽ താഴെയുള്ളവർക്ക് ഈ വർഷം അടച്ച ആദായനികുതി തിരിച്ചുനൽകുമെന്ന വാഗ്ദാനംപോലും നടത്തി നോക്കിയിട്ടും ജനം ‘അംനോ’വിനെ കൈവിട്ടു. അത്ര ജനവിരുദ്ധമായിരുന്നു ആ പാർട്ടി.
പരമ്പരാഗത മലായ് സംസ്ഥാനങ്ങളായ കെലന്താൻ, ഗെറുങ്കാനു, കെദ എന്നിവിടങ്ങളിൽ ‘പാസ്’, മറ്റു സ്റ്റേറ്റുകളിൽ പ്രതിപക്ഷമുന്നണി ‘പക്കത്തൻ ഹാരപ്പൻ’ (അലയൻസ് ഒാഫ് ഹോപ്) എന്നിങ്ങനെ ഭരണകക്ഷിയുടെ മുഖ്യ എതിരാളിയെയാണ് ജനം എല്ലായിടത്തും തെരഞ്ഞെടുത്തത്.
ഫലം വന്നയുടനെ രാജിവെക്കാതെ അന്തിമ തീരുമാനം രാജാവ് എടുക്കട്ടെയെന്ന് വാർത്താസമ്മേളനം നടത്തി നജീബ് പ്രഖ്യാപിച്ചു. ഭരണവിരുദ്ധതയിൽനിന്നു മുതലെടുത്ത് 18 സീറ്റ് നേടിയ ‘പാസി’ന് ഇനി അവർക്കൊപ്പം ചേരാനാവില്ല. ആ പാർട്ടി വിട്ടവർ രൂപംനൽകിയ ‘അമാന’ പാർട്ടിക്ക് 11 സീറ്റ് നേടാനായത് അവരുടെ കണ്ണു തുറപ്പിക്കും. 47 സീറ്റ് നേടിയ ബഹുവംശീയ പാർട്ടിയായ അൻവർ ഇബ്രാഹീമിെൻറ ‘പാർട്ടി കെ ആദിലാൻ’, 42 സീറ്റ് നേടിയ ചൈനീസ് വംശജർക്ക് ആധിപത്യമുള്ള ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി, 13 സീറ്റ് നേടിയ മഹാതീറിെൻറ ‘ബെർസാതു’, 11 സീറ്റ് നേടിയ ‘അമാന’ പാർട്ടി എന്നിവർക്കൊപ്പം കിഴക്കൻ മലേഷ്യയിലെ വാരിസാൻ പാർട്ടി കൂടി ജയിച്ച മുന്നണിയിൽ ചേരുന്നതോടെ മത, വംശീയ വിഭാഗീയതകൾക്കതീതമായ ഒരു സഖ്യം മലേഷ്യ ഭരിക്കാൻ പോവുകയാണ്.
എന്നാൽ, അതിനെ അട്ടിമറിക്കാനുള്ള ശ്രമവും സജീവമാണ്. പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ വൈകിയാൽ ജനഹിതം അട്ടിമറിക്കപ്പെടുന്നുവെന്നാണ് അർഥം. 15 വർഷം മുമ്പ് വരെ ബാരിസൻ നാഷനൽ ആരെ മത്സരിപ്പിച്ചാലും ജയിക്കാവുന്ന നില മാറി ജനങ്ങൾ വിയോജിപ്പിെൻറ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുന്ന തരത്തിലേക്ക് മലേഷ്യ നീങ്ങിയത് സന്തോഷകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.