ഇസ്ലാമാബാദ്: യാത്ര നിരോധന പട്ടികയിൽനിന്ന് പേരു നീക്കണമെന്നാവശ്യപ്പെട്ട് മു ൻ പ്രധാനമന്ത്രി നവാസ് ശരീഫും മകൾ മർയവും മരുമകൻ മുഹമ്മദ് സഫ്ദറും സമർപ്പിച്ച അപേക്ഷ പാക് സർക്കാർ തള്ളി. കഴിഞ്ഞവർഷം ഒക്ടോബറിലാണ് യാത്രവിലക്ക് പട്ടികയിൽനിന്ന് പേരു നീക്കണമെന്നഭ്യർഥിച്ച് മൂവരും ആഭ്യന്തര മന്ത്രാലയത്തിന് വെവ്വേറെ അപേക്ഷ നൽകിയത്. അഴിമതി, അധികാരം ദുർവിനിയോഗം ചെയ്യൽ, ഭീകരവാദം എന്നിവയിലൊന്നിലും ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ വിലക്കു നീക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ആഗസ്റ്റിൽ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മൂവരെയും യാത്രവിലക്ക് പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്. 2018 ജൂലൈയിലാണ് ഇസ്ലാമാബാദിലെ അഴിമതിവിരുദ്ധ കോടതി ശരീഫിനെയും മർയമിനെയും അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിച്ചത്.
സെപ്റ്റംബർ 19ന് അവൻഫീൽഡ് കേസിലെ തടവുശിക്ഷ ഇസ്ലാമാബാദ് ഹൈകോടതി റദ്ദാക്കിയതോടെ ഇരുവരും ജയിൽമോചിതരായി. ഡിസംബറിൽ അൽ അസീസിയ സ്റ്റീൽ മിൽ കേസിൽ ശരീഫിനെ ഏഴുവർഷത്തെ കഠിന തടവിനു ശിക്ഷിച്ചു. അന്നുമുതൽ കോട് ലഖ്പത് ജയിലിൽ ശിക്ഷയനുഭവിക്കുകയാണ് ശരീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.