ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം അറസ്റ്റിലായ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് ജയിലിൽ ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് മകൻ ഹുസൈൻ. റാവൽപിണ്ടിയിലെ ആഡിയാല ജയിലിൽ ‘ബി ക്ലാസ്’ സൗകര്യങ്ങൾ ലഭിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിനിടെയാണ് പിതാവ് മോശം സാഹചര്യത്തിലാണ് കഴിയുന്നതെന്ന ട്വീറ്റുമായി ഹുസൈൻ രംഗത്തുവന്നത്. ഉറങ്ങാൻ ഒരു കിടക്ക പോലും അദ്ദേഹത്തിന് നൽകിയില്ലെന്നും വർഷങ്ങളായി വൃത്തിയാക്കാത്ത ശൗചാലയമാണ് മുറിയിലുള്ളതെന്നും ട്വിറ്ററിലൂടെയാണ് ഹുസൈൻ ആരോപിച്ചത്.
വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത ശേഷം ശരീഫിനെയും മകൾ മറിയമിനെയും റാവൽപിണ്ടിയിലെ ജയിലിലെത്തിക്കുകയായിരുന്നു. ഇവിടെ ശരീഫിനെ സന്ദർശിച്ച അഭിഭാഷക സംഘവും എ.സിയടക്കമുള്ള സൗകര്യങ്ങൾ ലഭിച്ചതായ വാർത്തകൾ തള്ളി. നിയമപരമായ ആവശ്യത്തിന് മുൻ പ്രധാനമന്ത്രിയെ കാണാനെത്തിയവരെ പോലും അഞ്ച് മിനിറ്റിലേറെ സമയം നിൽകാൻ അനുവദിച്ചില്ലെന്നും ജയിലിൽ പത്രം ലഭ്യമാക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.
അതിനിടെ, ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ തന്നോട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിച്ചതായി മർയം ശരീഫ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ ഇവർക്കും ജയിലിൽ മികച്ച സൗകര്യങ്ങൾ ലഭിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ശരീഫിെൻറയും മർയമിെൻറയും അഭിഭാഷകർ തിങ്കളാഴ്ച അപ്പീൽ ഹരജി നൽകും. ഇരുവരെയും ശിക്ഷിച്ച കോടതിവിധി ചോദ്യംചെയ്താണ് അപ്പീൽ നൽകുക.
അപ്പീൽ പരിഗണിച്ച് അനുകൂലമായ വിധി നേടിയെടുത്താൽ ഇരുവർക്കും ജയിൽ മോചനത്തിന് വഴിതെളിയും. ലണ്ടനിൽ ആഡംബര അപ്പാർട്മെൻറുകൾ വാങ്ങിയതിെൻറ വരുമാന സ്രോതസ്സ് വെളിപ്പെടുത്താനാവാത്ത കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. ശരീഫിന് 10 വർഷവും മകൾക്ക് എട്ടു വർഷവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.