പ്യോങ്യാങ്: ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തി ഉത്തര കൊറിയയുടെ പ്രകോപനം വീണ്ടും. പുലര്‍ച്ചെ ആറോടെ വിക്ഷേപിച്ച മിസൈൽ വടക്കൻ ജപ്പാനിലെ ഹൊക്കെയ്ദോ ദ്വീപിനു മുകളിലൂടെ സഞ്ചരിച്ചതിനു ശേഷമാണ് പസഫിക് സമുദ്രത്തിൽ പതിച്ചത്. മിസൈൽ 550 കി.മീ. ഉയരത്തിൽ 2700ഒാളം കിലോമീറ്റർ സഞ്ചരിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചു. മിസൈൽ പരീക്ഷണത്തെ തുടർന്ന് യു.എൻ രക്ഷാസമിതി അടിയന്തര യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
2009നു ശേഷം ആദ്യമായാണ് ജപ്പാനു മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പറന്നത്. ആയുധം വഹിക്കാൻ ശേഷിയുള്ള മിസൈൽ ആദ്യമായും. 1998നും 2009നും ഉത്തര കൊറിയയുടെ സാറ്റലൈറ്റുകൾ വഹിക്കാൻ ശേഷിയുള്ള റോക്കറ്റ് ജപ്പാനു മുകളിലൂടെ പറന്നിരുന്നു. പ്യോങ്യാങ്ങിനു സമീപത്തെ സുനാന്‍ പ്രവിശ്യയില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയ പറഞ്ഞു. നടപടിയെ ബ്രിട്ടന് അപലപിച്ചു. 15 മിനിറ്റ് വായുവിലൂടെ പറന്നശേഷം മൂന്നു കഷണങ്ങളായി മിസൈൽ ചിതറി കടലിൽ പതിച്ചെന്നാണ് റിപ്പോർട്ട്.
രാജ്യസുരക്ഷക്കു കനത്ത ഭീഷണിയാണ് ഉത്തര കൊറിയയുടെ നടപടിയെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രതികരിച്ചു. തുടർന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ആബെ ടെലിഫോണിൽ സംസാരിച്ചു. സംഭാഷണം 40 മിനിറ്റ് നീണ്ടതായി ൈവറ്റ്ഹൗസ് അറിയിച്ചു. സുരക്ഷ സംബന്ധിച്ച് വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. ജപ്പാെൻറ കൂടെയുണ്ടെന്ന് ട്രംപ് ആബെക്ക് ഉറപ്പു നൽകുകയും െചയ്തു.
ഇക്കഴിഞ്ഞ ജൂലൈ 28ന് യു.എസിനെ മുഴുവൻ ആക്രമിക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ബാലിസ്റ്റിക് മിസൈലും ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. തുടർന്ന് യു.എസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു. എന്നാൽ, പിന്നീട് ഇരു രാഷ്ട്രത്തലവന്മാരും യുദ്ധപ്രഖ്യാപനങ്ങൾ നിർത്തി. അതിനു പിന്നാലെ കൊറിയൻ മേഖലയിൽ യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസവും തുടങ്ങി.
ഉത്തര കൊറിയക്കെതിരെ എന്തിനും തയ്യാർ –ട്രംപ്
വാഷിങ്ടൺ: ജപ്പാനു മുകളിലൂടെ മിസൈൽ പറത്തിയ ഉത്തര കൊറിയക്കെതിരെ എന്തുനടപടിക്കും തയാറാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുന്നറിയിപ്പ്. ഭീഷണി സൃഷ്ടിച്ചും മേഖലയെ അസ്ഥിരപ്പെടുത്താനുമായി നിരന്തരം പ്രകോപനപരമായ നടപടികൾ തുടരുന്ന ഉത്തര കൊറിയൻ ഭരണകൂടം ഒറ്റപ്പെട്ടിരിക്കുന്നു, ലോകത്തെ എല്ലാരാഷ്ട്രങ്ങളിൽ നിന്നും. അവർക്കെതിരെ എന്തു നടപടിക്കും യു.എസ് തയാറാണ്. മിസൈൽ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ ലോകത്തിനും അവരെ വിമർശിക്കുന്നവർക്കും അയൽരാജ്യങ്ങൾക്കും നൽകിയ സന്ദേശമെന്താണെന്ന് എല്ലാവർക്കും വ്യക്തമായിക്കഴിെഞ്ഞന്നും ട്രംപ് വ്യക്തമാക്കി. മിസൈൽപരീക്ഷണത്തെ യൂറോപ്യൻ യൂനിയൻ അപലപിച്ചു. പ്രാദേശിക സുരക്ഷക്ക് വെല്ലുവിളിയുയർത്തുന്നതും അന്താരാഷ്ട്രനിയമങ്ങൾക്ക് എതിരുമാണ് പരീക്ഷണമെന്ന് ഇ.യു കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.