ജറൂസലം: വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്ക് അവകാശപ്പെട്ട നാടോടി ഗ്രാമമായ ഖാൻ അൽഅഹ്മർ എട്ടു ദിവസത്തിനകം വിട്ടുപോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം. ഗ്രാമത്തിലെ ഫലസ്തീനി ഭവനങ്ങൾ പൊളിച്ചുമാറ്റി ജൂത അധിനിവേശ ഭവനങ്ങൾ നിർമിക്കുന്നതിെൻറ മുന്നോടിയായാണ് ആട്ടിപ്പായിക്കൽ. ഒക്ടോബർ ഒന്നിനകം എല്ലാ ഫലസ്തീനി കെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശവാസികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, നിർബന്ധിച്ച് ഒഴിപ്പിച്ചാലല്ലാതെ ഒരാളും വിട്ടുപോകില്ലെന്ന് പ്രദേശവാസികളായ 180 പേരും വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്കെതിരെ ഇവർ നൽകിയ അപേക്ഷ കഴിഞ്ഞ ദിവസം ഇസ്രായേൽ സുപ്രീംകോടതി തള്ളിയിരുന്നു.
ഗ്രാമം പൊളിച്ചുമാറ്റുന്നതിനെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ ഉൾപ്പെടെ ലോക രാജ്യങ്ങൾ ശക്തമായി രംഗത്തെത്തിയിട്ടും ഇസ്രായേൽ അധിനിവേശ നിലപാടിൽ മാറ്റംവരുത്തിയിട്ടില്ല. പൊളിച്ചുമാറ്റുന്നതിെൻറ മുന്നോടിയായി ഖാൻ അൽഅഹ്മറിൽ ഇസ്രായേൽ സേന ആയുധങ്ങളുമായി നിലയുറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. വീടുകൾക്കു പുറമെ വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും തകർക്കപ്പെടുന്നവയിൽപെടും.
ജറൂസലമിനു സമീപം രണ്ട് പ്രമുഖ അധിനിവേശ മേഖലകൾക്കിടയിലാണ് ഖാൻ അൽഅഹ്മർ ഗ്രാമം. ഇതുകൂടി പിടിച്ചെടുത്ത് ജൂതഭവനങ്ങൾ വിപുലീകരിക്കുകയാണ് ഇസ്രായേൽ പദ്ധതി. ഗ്രാമം നഷ്ടമായാൽ വെസ്റ്റ്ബാങ്കിെൻറ വിഭജനം പൂർത്തിയാകും. ജഹാലിൻ ഗോത്രവർഗക്കാരാണ് ഗ്രാമവാസികൾ. നഖബ് മരുഭൂ വാസികളായിരുന്ന ഇവർ നേരേത്ത രണ്ടു തവണ ആട്ടിപ്പായിക്കപ്പെട്ടാണ് ഖാൻ അൽഅൻഹറിലെത്തിയത്. 40ഒാളം കുടുംബങ്ങളുള്ള ഇവർ ചെറിയ തമ്പുകളുണ്ടാക്കിയാണ് താമസം. ഒാസ്ലോ കരാർ പ്രകാരം സി മേഖലയിൽ െപടുത്തിയ പ്രദേശമാണിത്.
ഇസ്രായേൽ സർക്കാറിൽനിന്ന് നിർമാണാനുമതി വാങ്ങാതെയാണ് വീടുകൾ ഒരുക്കിയതെന്ന് കാണിച്ചാണ് പൊളിച്ചുനീക്കുന്നത്. എന്നാൽ, ഫലസ്തീനികൾ നൽകിയ അപേക്ഷകളിൽ ഇതുവരെ 1.5 ശതമാനത്തിനു മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇതിനാൽ, പുതിയ നിർമാണപ്രവൃത്തികൾക്ക് അനുമതി തേടൽ പ്രഹസനമായി ഫലസ്തീനികൾ കാണുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.