ഗസ്സസിറ്റി: ഇസ്രായേൽ സേന ഗസ്സയിൽ നുഴഞ്ഞുകയറി ആക്രമിച്ചതിനെ തുടർന്ന് രൂപപ്പെട് ട സംഘർഷത്തിന് അയവ്. ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ ഇസ്രായേലും ഗസ്സയിലെ ഹമാസ് അടക്കമുള്ള സംഘടനകളും വെടിനിർത്തൽ അംഗീകരിച്ചതോടെയാണ് മൂന്നുദിവസം നീണ്ട യുദ്ധാന്തരീക്ഷം തണുത്തത്.
സൈനിക നടപടിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങാനുള്ള ധാരണക്ക് അംഗീകാരം നൽകിയതായും ശത്രുക്കൾ വെടിനിർത്തൽ ലംഘിച്ചാൽ തിരിച്ചടിക്കുമെന്നും ഹമാസ് നേതാവ് ഇസ്മാഇൗൽ ഹനിയ്യ അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപനം പുറത്തുവന്നതോടെ ജനങ്ങൾ ഗസ്സസിറ്റിയിൽ ആഹ്ലാദപ്രകടനം നടത്തി.
അതിനിടെ, മേഖലയിലെ സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതി ചൊവ്വാഴ്ച അടിയന്തര യോഗം ചേർന്നു. സമിതി അംഗങ്ങളായ കുവൈത്തിെൻറയും ബൊളീവിയയുടെയും ആവശ്യപ്രകാരമാണ് യോഗം ചേർന്നത്. എന്നാൽ, യോഗത്തിൽ സുപ്രധാന തീരുമാനങ്ങളൊന്നുമുണ്ടായില്ല. 15 അംഗരാജ്യങ്ങളുടെയും പിന്തുണയില്ലാത്തതിനാൽ വിഷയത്തിൽ സമിതി പ്രസ്താവനയും പുറത്തിറക്കിയില്ല.
ഒരു രാജ്യം വിഷയം ചർച്ചചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് യോഗശേഷം യു.എന്നിലെ ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു. കടുത്ത ഇസ്രായേൽപക്ഷ നിലപാടുമായി മുന്നോട്ടുപോകുന്ന യു.എസിനെയാണ് മൻസൂർ പേരെടുത്ത് പറയാതെ വിമർശിച്ചത്. ഞായറാഴ്ച ഗസ്സ അതിർത്തികടന്ന് സിവിലിയൻ വാഹനത്തിലെത്തിയ ഇസ്രായേൽ സേനാംഗങ്ങൾ ഹമാസിെൻറ സൈനികവിഭാഗമായ അൽഖസ്സാം ബ്രിഗേഡിെൻറ കമാൻഡറെ വധിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.
സേനാംഗങ്ങളെ രക്ഷപ്പെടുത്താൻ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഇസ്രായേൽ േവ്യാമാക്രമണത്തിൽ ഏഴു ഫലസ്തീനികൾ കൂടികൊല്ലപ്പെട്ടു. തിരിച്ചടിയിൽ ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
വെടിനിർത്തലിൽ എതിർപ്പ്; ഇസ്രായേൽ പ്രതിരോധമന്ത്രി രാജിവെച്ചു
തെൽഅവീവ്: ഹമാസുമായി വെടിനിർത്തൽ കരാറിലെത്തിയ നടപടിയിൽ പ്രതിഷേധിച്ച് ഇസ്രായേൽ പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ രാജിവെച്ചു. ബുധനാഴ്ച ജറൂസലമിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് മന്ത്രി രാജിയറിയിച്ചത്.
ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ രൂപപ്പെട്ട കരാർ തീവ്രവാദത്തിന് കീഴടങ്ങലാണെന്ന് ലീബർമാൻ ആരോപിച്ചു. അഭിപ്രായവ്യത്യാസങ്ങളുള്ളതോടൊപ്പം സർക്കാറിൽ തുടരാനാണ് ശ്രമിച്ചതെന്നും എന്നാൽ പരാജയപ്പെട്ടതായും ലീബർമാൻ കൂട്ടിച്ചേർത്തു. ഗസ്സയിലേക്ക് ഖത്തർ സഹായമെത്തിക്കാൻ അനുവദിച്ചതും താൻ എതിർത്തിരുന്നെന്നും മാധ്യമങ്ങളോട് മന്ത്രി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.