കൊളംബോ: കനത്ത മഴയെ തുടർന്ന് പ്രളയവും മണ്ണിടിച്ചിലുമുണ്ടായ ശ്രീലങ്കയിൽ മരണം 100 കടന്നു. രാജ്യത്തിെൻറ തെക്കും പടിഞ്ഞാറും മേഖലകളിലാണ് പേമാരി ദുരിതം വിതച്ചത്. 91 പേരെ കാണാതാവുകയും 40 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയാണ് പ്രളയം രൂപപ്പെട്ടത്.
പ്രളയം രാജ്യത്തെ 14 ജില്ലകളിലെ രണ്ടു ലക്ഷത്തിലേറെ ആളുകളെ ബാധിച്ചിട്ടുണ്ട്. സംഭവത്തിൽ 800ലേറെ വീടുകൾ തകർന്നതായും രാജ്യത്തെ ദുരന്തനിവാരണ കേന്ദ്രം വൃത്തങ്ങൾ അറിയിച്ചു. 14 വർഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണിത്. ചില പ്രദേശങ്ങളിൽ ഒരു വർഷം ലഭിക്കുന്ന മഴ ഒറ്റദിവസം പെയ്തിറങ്ങിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്കൻ സൈന്യം ഹെലികോപ്ടറടക്കമുള്ള സജ്ജീകരണങ്ങളുമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ദുരിതബാധിതരെ സഹായിക്കുന്നതിന് ഇന്ത്യയിൽനിന്ന് മെഡിക്കൽ സംഘമടക്കമുള്ള സന്നാഹങ്ങൾ തലസ്ഥാനമായ കൊളംബോയിലെത്തിയിട്ടുണ്ട്. ഒരു കപ്പലിലാണ് സഹായസംഘം എത്തിയിരിക്കുന്നതെന്നും മറ്റൊരു കപ്പൽകൂടി അടുത്ത ദിവസങ്ങളിൽ എത്തിച്ചേരുമെന്നും അധികൃതർ അറിയിച്ചു. ശ്രീലങ്കൻ സർക്കാർ രക്ഷാപ്രവർത്തനത്തിന് െഎക്യരാഷ്ട്രസഭയുടെയും അയൽരാജ്യങ്ങളുടെയും അടിയന്തര സഹായം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.