കൊളംബോ: കാലവർഷം കനത്തതിനെ തുടർന്ന് ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ രണ്ടു ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 169 ആയി. 112 പേരെ കാണാതായതിൽ പലരും ദുരന്തത്തിനിരയായേക്കാമെന്ന് ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുകയും മണ്ണിടിഞ്ഞ് നിരത്തുകൾ ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തതോടെ 1,12,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന നിരവധി കുടുംബങ്ങളെ ഇനിയും രക്ഷിക്കാനായിട്ടില്ല.
അഞ്ചു ലക്ഷത്തോളം പേർ വെള്ളപ്പൊക്ക കെടുതികൾക്ക് ഇരയായതായും മന്ത്രാലയം അറിയിച്ചു. തെക്കൻ തീര മേഖലയായ ഗാലിയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 223 മില്ലീമീറ്ററാണ് മഴ ലഭിച്ചത്. ഉൾപ്രദേശമായ രത്നപുരയിൽ 453 മില്ലീമീറ്ററും മഴ ലഭിച്ചു. 30 അടി ഉയരത്തിൽ വെള്ളം കയറിയതിനെ തുടർന്ന് കടകളും വീടുകളും മുങ്ങിക്കിടക്കുകയാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവരെ ബോട്ടിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2,000 സൈനികരെയാണ് പ്രദേശങ്ങളിൽ വിന്യസിച്ചത്. ചിലയിടങ്ങളിൽ മുതലയുടെ ആക്രമണം ഭീഷണിയാകുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.