െകാളംബോ: ശ്രീലങ്കയിൽ സിംഹള ബുദ്ധമതാനുയായികളും ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളും തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 140 പേർ. രാജ്യത്തെ പ്രധാന വിനോദസഞ്ചാര നഗരമായ കാൻഡിയിലുണ്ടായ സംഘർഷത്തിന് കാരണക്കാരനായ മുഖ്യപ്രതിയടക്കം അറസ്റ്റിലായ എല്ലാവരെയും തലസ്ഥാനമായ കൊളംബോയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് ഒരുക്കിയ കനത്ത സുരക്ഷ ബന്തവസ്സിലാണ് ജുമുഅ നമസ്കാരം നടന്നത്. കാൻഡിയിലെ മുസ്ലിം വ്യാപാര സ്ഥാപനങ്ങളും കടകളുമൊന്നും വെള്ളിയാഴ്ചയും തുറന്നുപ്രവർത്തിച്ചില്ല. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. ചുരുക്കം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രമാണ് കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചത്.
മാർച്ച് നാലിന് കാൻഡി നഗരത്തിൽ നാലു മുസ്ലിം യുവാക്കളുമായി സഞ്ചരിച്ച വാൻ ബുദ്ധമതാനുയായിയുടെ വാനിൽ ഇടിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. വാക്തർക്കത്തിനൊടുവിൽ ബുദ്ധയുവാവ് െകാല്ലപ്പെട്ടു. സംഭവത്തിൽ നാലു മുസ്ലിം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിറ്റേന്ന് മുസ്ലിംകളുടെ കടകളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ച് ആക്രമണം തുടങ്ങി. കത്തിച്ചാമ്പലായ കെട്ടിടത്തിൽനിന്ന് 23 വയസ്സുള്ള മുസ്ലിം യുവാവിെൻറ മൃതദേഹവും കണ്ടെടുത്തു. 2009 മുതൽ ഇരുവിഭാഗങ്ങളും തമ്മിൽ ഇടക്കിടെ സംഘർഷമുണ്ടാവാറുണ്ട് ഇവിടെ. കൊളംബോയിൽനിന്ന് 115 കി.മീ. അകലെയുള്ള കാൻഡി രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും ബുദ്ധമത തീർഥാടന കേന്ദ്രവുമാണ്. ശ്രീലങ്കയിലെ 2.1 കോടി ജനങ്ങളിൽ 75 ശതമാനവും സിംഹള ബുദ്ധമതാനുയായികളാണ്. 10 ശതമാനം മാത്രമാണ് മുസ്ലിംകൾ.
കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ സംഘർഷ മേഖലകളിൽ പൊലീസിനെയും പട്ടാളത്തെയും വിന്യസിച്ചിട്ടുണ്ട്. 3,000 പൊലീസുകാർ, 2,500 സൈനികർ, 750 പ്രത്യേക ദൗത്യസംഘാംഗങ്ങൾ എന്നിവർക്കാണിപ്പോൾ മേഖലയിലെ സുരക്ഷച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.