കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ശ്രീലങ്കയിൽ വ്യാഴാഴ്ച ചേർന്ന പാർലമെൻറ് യോഗത്തിൽ ഇരുവിഭാഗം അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. ബുധനാഴ്ചത്തെ അവിശ്വാസ പ്രമേയ വോെട്ടടുപ്പിൽ പരാജയപ്പെട്ട മഹീന്ദ രാജപക്സയെ പിന്തുണക്കുന്നവരും മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയുടെ അനുയായികളുമാണ് പാർലമെൻറിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഒരു എം.പിക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട രാജപക്സ നടപടി അംഗീകരിക്കില്ലെന്നും പ്രതിസന്ധി പരിഹരിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് സഭ സംഘർഷത്തിലേക്ക് നീങ്ങിയത്. രാജപക്സയുടെ ആവശ്യം വോട്ടിനിട്ട് തീരുമാനിക്കണമെന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംെഗയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി (യു.എൻ.പി) ആവശ്യപ്പെട്ടു. സ്പീക്കർ കാരു ജയസൂര്യ സഭാംഗങ്ങൾ അംഗീകരിച്ചാൽ തെരഞ്ഞെടുപ്പ് വിഷയത്തിൽ ശബ്ദവോെട്ടടുപ്പ് നടത്താമെന്ന് അറിയിച്ചു.
ഇതോടെ അംഗങ്ങൾക്കിടയിൽ തർക്കം രൂക്ഷമായി. പ്രസിഡൻറ് മൈത്രിപാല സിരിസേനയെയും രാജപക്സയെയും പിന്തുണക്കുന്ന എം.പിമാർ സ്പീക്കറെ വളഞ്ഞു. വോെട്ടടുപ്പിനുള്ള ശ്രമം ഉപേക്ഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കില്ലെന്നും പാർലമെൻറ് സ്പീക്കറെന്ന നിലയിൽ തനിക്ക് തീരുമാനിക്കാമെന്നും ജയസൂര്യ അറിയിച്ചു. തുടർന്ന് സ്പീക്കറെ സംരക്ഷിക്കാൻ യു.എൻ.പി എം.പിമാർ രംഗത്തെത്തി. ഇതോടെ അംഗങ്ങൾ തമ്മിൽ പിടിവലിയും തല്ലും തുടങ്ങി. ചിലർ സ്പീക്കറുടെ നേരെ വസ്തുക്കൾ വലിച്ചെറിഞ്ഞു. ഇതിനിടെയാണ് ഒരു എം.പിക്ക് പരിക്കേറ്റത്.
സംഘർഷത്തിൽ സ്പീക്കറുടെ മൈക്കും പാർലമെൻറ് നടപടിക്രമങ്ങൾക്ക് ഉപയോഗിക്കുന്ന പുസ്തകവും നശിപ്പിക്കപ്പെട്ടതായി സൺഡെ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. സംഘർഷം രൂക്ഷമായതോടെ സ്പീക്കർ സഭ വെള്ളിയാഴ്ചവരെ പിരിഞ്ഞു. വ്യാഴാഴ്ചത്തെ സംഭവവികാസങ്ങളോടെ രാജ്യത്ത് പ്രതിസന്ധി രൂക്ഷമായിരിക്കയാണ്. അതിനിടെ, ബുധനാഴ്ച പാർലമെൻറിൽ നടന്ന അവിശ്വാസ പ്രമേയ വോെട്ടടുപ്പ് അസാധുവാണെന്ന് പ്രസിഡൻറ് സ്പീക്കറെ അറിയിച്ചു. രാജപക്സയാണ് പ്രധാനമന്ത്രിയെന്ന നിലപാടിൽ തുടരുകയാണ് പ്രസിഡൻറ്.
എന്നാൽ, ഇത് അംഗീകരിക്കാത്ത സ്പീക്കർ വിക്രമസിംെഗയാണ് നിയമാനുസൃത പ്രധാനമന്ത്രിയെന്നാണ് വാദിക്കുന്നത്. രാജ്യത്തെ ഉന്നത നേതൃത്വങ്ങൾ ഭിന്ന നിലപാടിലായതോടെ ഫലത്തിൽ പൂർണ അരാജകത്വത്തിലേക്ക് നീങ്ങുകയാണ് രാജ്യെമന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.