കൊളംബോ: ശ്രീലങ്കൻ പാർലമെൻറിൽ തുടർച്ചയായ രണ്ടാംദിവസവും കൈയാങ്കളി. സ്പീക്കർക്കു നേരെ ഫർണിച്ചറുകളും പുസ്തകങ്ങളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞും മുളക് പൊടി വാരിവിതറിയും എം.പിമാർ പാർലമെൻറിനെ സംഘർഷഭൂമിയാക്കി മാറ്റി. തുടർന്ന് സ്പീക്കർ കരു ജയസൂര്യ പൊലീസിെൻറ സഹായം തേടുകയായിരുന്നു. സഭ സമ്മേളിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. മഹിന്ദ രാജപക്സക്കെതിരെ രണ്ടാമതും അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ രാജ്യത്തിപ്പോൾ പ്രധാനമന്ത്രിയോ സർക്കാരോ ഇല്ലെന്ന് സ്പീക്കർ പ്രഖ്യാപിച്ചു.
വ്യാഴാഴ്ചത്തെ സംഭവങ്ങളുടെ ആവർത്തനമാണ് പിന്നീട് നടന്നത്. രാജപക്സയെ അനുകൂലിക്കുന്ന എം.പിമാർ സ്പീക്കറുടെ സീറ്റ് കൈയേറി സഭാനടപടികൾ തടസ്സപ്പെടുത്തി. സ്പീക്കർക്കെതിരെ മുദ്രാവാക്യം വിളിച്ച് കസേരകൾ വലിച്ചെറിഞ്ഞു. രാജപക്സ അനുകൂലികളെ രുമുളക് സ്പ്രേയുമായാണ് പുറത്താക്കപ്പെട്ട റനിൽ വിക്രമസിംഗെയുടെ അനുയായികൾ നേരിട്ടത്.
45 മിനിറ്റോളം കൈയാങ്കളി തുടർന്നു. ഇതോടെ സ്പീക്കർ പൊലീസിനെ വിളിക്കുകയായിരുന്നു. അരുന്ധിക ഫെർണാണ്ടോയാണ് സ്പീക്കറുടെ സീറ്റ് കൈയേറിയത്. 20 ഒാളം സാമാജികർ സ്പീക്കറെ വളയുകയും ചെയ്തു.സംഘർഷത്തിനിടെ ഒരു എം.പിക്ക് പരിക്കേറ്റു. വ്യാഴാഴ്ച പാർലമെൻറിൽ കത്തിയുമായെത്തിയ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിയിലെ രണ്ട് എം.പിമാരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു യുനൈറ്റഡ് ഫ്രീഡം അലയൻസിെൻറ ആവശ്യം.
അതിനിടെ പാർലമെൻറിൽ ഭൂരിപക്ഷം തങ്ങൾക്കാണെന്നും വൈകാതെ അധികാരം തിരിച്ചുപിടിക്കുമെന്നും വിക്രമസിംഗെ മാധ്യമങ്ങളോടു പറഞ്ഞു. ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നടക്കാത്ത സാഹചര്യത്തിൽ വിക്രമസിംഗെയെ അധികാരത്തിൽ പുനരവരോധിക്കുകയല്ലാതെ പ്രസിഡൻറ് മൈത്രിപാല സിരിസേനക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നാണ് വിലയിരുത്തൽ.
അതിന് അദ്ദേഹം തയാറാകാതിരുന്നാൽ ശ്രീലങ്കയുടെ സാമ്പത്തിക നില താറുമാറാകും. ബുധനാഴ്ച നടന്ന അവിശ്വാസപ്രമേയത്തിൽ രാജപക്സ പരാജയപ്പെട്ടിരുന്നു.
എന്നാൽ ശബ്ദവോെട്ടടുപ്പോടെ പാസാക്കിയ പ്രമേയം അംഗീകരിക്കാൻ തയാറാകാതെ സിരിസേന വീണ്ടും വോെട്ടടുപ്പിന് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.