ഇസ്ലാമാബാദ്: ‘പാനമ പേപ്പേഴ്സ്’ പുറത്തുവിട്ട അവിഹിത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്ന് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു. ശരീഫിനും അദ്ദേഹത്തിെൻറ മക്കൾക്കുമെതിരെ അഴിമതിക്ക് കേസെടുക്കാനും കോടതി ഉത്തരവിട്ടു. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രിപദത്തിൽ കാലാവധി പൂർത്തിയാക്കാനാകാതെ ശരീഫിന് ഒഴിയേണ്ടിവരുന്നത്. സാമ്പത്തിക തകർച്ചയിലും ഭീകരാക്രമണങ്ങളിലുംപെട്ട് ഉലയുന്ന പാകിസ്താനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു കൂടി തള്ളിയിടുന്നതായി കോടതി വിധി.
പാക് സുപ്രീംകോടതിയുടെ തിങ്ങിനിറഞ്ഞ ഒന്നാം നമ്പർ മുറിയിൽ ജസ്റ്റിസ് ഇഅ്ജാസ് അഫ്സൽ ഖാൻ ആണ് അഞ്ച് അംഗ ബെഞ്ചിെൻറ ഏകകണ്ഠമായ വിധി പ്രസ്താവിച്ചത്. പാർലമെൻറ് അംഗം സത്യസന്ധനും നീതിമാനും ആയിരിക്കണമെന്ന് നിഷ്ക്കർഷിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 62ഉം 63ഉം ആധാരമാക്കിയാണ് ശരീഫിനെ കോടതി അയോഗ്യനാക്കിയത്. പാർലമെൻറ് അംഗത്വത്തിൽനിന്ന് അയോഗ്യനാകുേമ്പാൾ പ്രധാനമന്ത്രിപദത്തിൽ തുടരാനാകില്ലെന്ന് ജസ്റ്റിസ് ഖാൻ ചൂണ്ടിക്കാട്ടി. ശരീഫിനെ അേയാഗ്യനാക്കി ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പ് കമീഷനോടും പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കം ചെയ്യാൻ പ്രസിഡൻറിനോടും കോടതി നിർദേശിച്ചു. കോടതിവിധി വന്നയുടൻ പാക് ടെലിവിഷൻ ചാനലാണ് (പി.ടി.വി) പ്രധാനമന്ത്രിയുടെ രാജിവാർത്ത ആദ്യം അറിയിച്ചത്.
കോടതിവിധിയോട് കടുത്ത എതിർപ്പുണ്ടെങ്കിലും വിധി സർക്കാർ അംഗീകരിക്കുന്നതായി ചാനൽ അറിയിച്ചു. നവാസ് ശരീഫിനും അദ്ദേഹത്തിെൻറ മക്കളായ ഹുസൈൻ, ഹസൻ, മറിയം എന്നിവർക്കുമെതിരെ ആറാഴ്ചക്കകം അഴിമതി കേസെടുക്കണമെന്നും ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും നാഷനൽ അക്കൗണ്ടബിലിറ്റി കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ധനമന്ത്രി ഇസ്ഹാഖ് ദർ, ദേശീയ അസംബ്ലി അംഗം ക്യാപ്റ്റൻ മുഹമ്മദ് സഫ്ദർ എന്നിവരെയും നവാസ് ശരീഫിനൊപ്പം കോടതി അയോഗ്യരാക്കിയിട്ടുണ്ട്.
ഇൗ വർഷം മേയിലാണ് ശരീഫിനും കുടുംബത്തിനുമെതിരായ അഴിമതി അന്വേഷിക്കാൻ സുപ്രീംകോടതി സംയുക്ത അന്വേഷണ സമിതിയെ നിയോഗിച്ചത്. പാകിസ്താൻ തഹ്രീകെ ഇൻസാഫ്, അവാമി മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി എന്നീ പാർട്ടികൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഒക്ടോബർ മുതലാണ് സുപ്രീംകോടതി കേസ് പരിഗണനക്കെടുത്തത്.
പാനമ പേപ്പേഴ്സ്
1990കളിൽ നവാസ് ശരീഫ് രണ്ടുവട്ടം പ്രധാനമന്ത്രിയായിരുന്നപ്പോൾ നടത്തിയ കള്ളപ്പണ ഇടപാടാണ് പാനമ രേഖ അഴിമതി. ഇൗ കാലയളവിൽ ലണ്ടനിൽ നാല് ഫ്ലാറ്റുകൾ നവാസ് ശരീഫ് സ്വന്തമാക്കി. മക്കളുടെ പേരിലുള്ള വിദേശത്തെ കമ്പനികൾ വഴിയാണ് ഇതിന് പണം മുടക്കിയതെന്നാണ് കഴിഞ്ഞവർഷം പുറത്തുവന്ന പാനമ രേഖകളിലുള്ളത്. പാനമയിലെ മൊസാക് ഫൊൻസെക എന്ന ധനകാര്യ സ്ഥാപനത്തിൽനിന്നാണ് ലോകത്തെ വൻ ധനികരുടെ ആസ്തി വിവരങ്ങളടങ്ങിയ രേഖകൾ ചോർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.