ടെഹ്റാൻ: ഇറാൻ നഗരമായ അഹ്വാസിൽ സൈനിക പരേഡിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നിൽ അമേരിക്കയാണെന്നും അവരോട് പോരാട്ടത്തിന് രാജ്യം സജ്ജമാണെന്നും പ്രസിഡൻറ് ഹസൻ റൂഹാനി. ഇറാൻ-ഇറാഖ് യുദ്ധവാർഷികത്തിെൻറ ഒാർമ പുതുക്കി ഉന്നത സൈനിക വിഭാഗമായ റവലൂഷനറി ഗാർഡുമാർ നേതൃത്വം നൽകിയ പ്രകടനമാണ് കഴിഞ്ഞദിവസം ചോരയിൽ കുതിർന്നത്.
ആക്രമണത്തിെൻറ ഉത്തരവാദിത്തം വിമതവിഭാഗം ഏറ്റെടുത്തിരുന്നു. ഇവർക്ക് സഹായം നൽകിയെന്നാരോപിച്ച് ഞായറാഴ്ച രാവിെല ബ്രിട്ടൻ, ഡെൻമാർക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി. ഇതിനുപിന്നാലെയാണ് വിമതർക്ക് സാമ്പത്തിക, സൈനിക സഹായം നൽകുന്നത് യു.എസ് ആണെന്നും പ്രത്യാക്രമണത്തിന് ഇറാൻ തയാറാണെന്നും റൂഹാനി വ്യക്തമാക്കിയത്.
‘ലോകരാജ്യങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന തെമ്മാടിയായി അമേരിക്ക പ്രവർത്തിക്കുകയാണെന്നും ശക്തികൊണ്ട് മാത്രം എന്തും നേടിയെടുക്കാനാവുമെന്ന് അവർ ചിന്തിക്കുന്നുവെന്നും റൂഹാനി പറഞ്ഞു. ആക്രമണത്തെ ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവ അപലപിച്ചിരുന്നു.
റവലൂഷനറി ഗാർഡിനെ ലക്ഷ്യമിട്ട് പതിറ്റാണ്ടിനിടെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ മുൻകൈയെടുത്ത് 2015ൽ നിലവിൽവന്ന ഇറാൻ ആണവകരാറിൽനിന്ന് അടുത്തിടെ യു.എസ് പിൻവാങ്ങിയിരുന്നു. ഇറാെനതിരെ കടുത്ത ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിക്ക് നടുവിൽനിൽക്കെയാണ് രാഷ്ട്രീയ അസ്ഥിരത ലക്ഷ്യമിട്ട് സൈനിക പരേഡിനുനേരെ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.