വാഷിങ്ടൺ: അഴിമതിക്കേസിൽ അഞ്ചുവർഷം തടവിനു ശിക്ഷിച്ച പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയക്ക് കുറ്റമറ്റ വിചാരണ ഉറപ്പാക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ആവശ്യപ്പെട്ടു. സിയ ഒാർഫനേജ് ട്രസ്റ്റിന് ലഭിച്ച 2.52 ലക്ഷം യു.എസ് ഡോളർ (1.61കോടി രൂപ) തട്ടിയെന്ന കേസിലാണ് 72കാരിയായ ഖാലിദയെ ശിക്ഷിച്ചത്.
പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്ത നടപടികൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. എല്ലാ പൗരന്മാർക്കും കുറ്റമറ്റതും നീതിയുക്തവുമായ വിചാരണനടപടികൾ സർക്കാർ ഒരുക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെടുന്നതായും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള ബംഗ്ലാദേശ് ജനതയുടെ അവകാശം സർക്കാർ മാനിക്കണമെന്നും യു.എസ് ആവശ്യപ്പെട്ടു.
താരിഖ് റഹ്മാൻ ബി.എൻ.പി ആക്ടിങ് പ്രസിഡൻറ്
ധാക്ക: ഖാലിദ സിയ ജയിലിലായതോടെ മൂത്തമകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ( ബി.എൻ.പി) ആക്ടിങ് പ്രസിഡൻറാകും. ബി.എൻ.പി മുതിർന്നനേതാവ് റൂഹുൽ കബീർ രിസ്വിയാണ് ഇക്കാര്യം അറിയിച്ചത്. ഖാലിദക്കൊപ്പം താരിഖ് റഹ്മാൻ ഉൾപ്പെടെ അഞ്ചുപേർക്ക് 10 വർഷം തടവും ധാക്കയിലെ പ്രത്യേക കോടതി വിധിച്ചിരുന്നു.
കേസിനെ തുടർന്ന് 2008മുതൽ ലണ്ടനിൽ ഒളിവിൽ കഴിയുന്ന താരിഖിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. താരിഖ് വിദേശത്തിരുന്ന് പാർട്ടിയെ നയിക്കുമെന്നും രിസ്വി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.