അട്ടിമറിയുടെ ലോകം; ആക്രമണത്തിന്‍റേയും

പ്രവചനങ്ങളെ കാറ്റിൽ പറത്തി അമേരിക്കൻ ജനതയെ കീഴടക്കി ഡോണൾഡ്​ ട്രംപ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനും ക്യൂബൻ വിപ്ലവ നക്ഷത്രം ഫിദൽ കാസ്​ട്രോയുടെ വിടവാങ്ങലിനും 2016 സാക്ഷിയായി. ബ്രസീൽ ക്ലബ്​ ഫുട്​ബാൾ താരങ്ങളടക്കം 71 പേർ മരിച്ച വിമാന ദുരന്തവും ലോകത്തെ നടുക്കി. ഹിതപരിശോധന നടത്തി യൂറോപ്യൻ യൂണിയനിൽ നിന്ന്​ ബ്രിട്ടൻ പുറത്തു പോയതും ഇൗ വർഷം തന്നെയാണ്​. ലോകത്തെ വെല്ലുവിളിച്ചു കൊണ്ട്​ ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതിനും ലോകം സാക്ഷിയായി. 2016ലെ പ്രധാന സംഭവങ്ങളിലൂടെ...

ഇറാനെതിരായ ഉപരോധം പിൻവലിക്കൽ

ആണവായുധ നിര്‍മാണമടക്കം വിവിധ കാരണങ്ങളാല്‍ പതിറ്റാണ്ടുകളായി ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധത്തിൽ ഭൂരിഭാഗവും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും (യു.എൻ.) പിന്‍വലിച്ചു. ആണവ പരിപാടികളിൽ നിന്ന് പിന്‍മാറാമെന്ന ഉറപ്പ് ഇറാന്‍ പാലിച്ചുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് (ഐ.എ.ഇ.എ.) ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജനുവരി 16ന് ഉപരോധം നീക്കിയത്.

സിക വൈറസിന്‍റെ സാന്നിധ്യം

ലോകാരോഗ്യ സംഘടന സിക വൈറസിന്‍റെ സാന്നിധ്യം ജനുവരി 28ന് പ്രഖ്യാപിച്ചു. അമേരിക്കയിലും പസഫിക്കിലും തെക്ക്​ കിഴക്ക്​ ഏഷ്യയിലും സിക വൈറസി​ന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന്​ ലോകാരോഗ്യ സംഘടന സ്​ഥിരീകരിച്ചു. ഡെങ്കിപ്പനിയും മഞ്ഞപ്പനിയും പടര്‍ത്തുന്ന കൊതുകുകള്‍ തന്നെയാണ് സിക വൈറസും പരത്തുന്നത്.

കൊറിയയുടെ റോക്കറ്റ്​ വിക്ഷേപണവും ആണവ പരീക്ഷണവും

ഉത്തര കൊറിയ യു.എൻ കരാർ ലംഘിച്ചു കൊണ്ട്​ ഫെബ്രുവരി ഏഴിന് ദീർഘദൂര റോക്കറ്റ്​ വിക്ഷേപിച്ചു. യു.എൻ സുരക്ഷാ സമിതിയും മറ്റ്​ ലോക രാജ്യങ്ങളും ഉത്തര കൊറിയയെ കടുത്ത ഭാഷയിൽ കുറ്റ​പ്പെടുത്തി. ഉത്തരകൊറിയ ഇതിന്​ അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്ന്​ ലോക നേതാക്കൾ മുന്നറിയിപ്പ്​ നൽകി.
എന്നാൽ, എതിർപ്പുകൾ മറികടന്ന് സെപ്റ്റംബർ ഒമ്പതിന് ഉത്തരകൊറിയ അഞ്ചാം തവണയും ആണവ പരീക്ഷണം നടത്തി. ദക്ഷിണ കൊറിയയും ലോകരാഷ്​ട്രങ്ങളും നടപടിയെ എതിർത്ത്​ വീണ്ടു വിചാരമില്ലാത്ത പ്രവർത്തനമെന്ന്​ പറഞ്ഞു.

ബ്രസൽസ് ബോംബാക്രമണം

മാർച്ച്​ 22ന് ഭീകര സംഘടനയായ ഇസ്​ലാമിക്​ സ്​റ്റേറ്റിന്‍റെ ആഭിമുഖ്യത്തിൽ ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന മൂന്ന്​ ബോംബാക്രമണങ്ങളിൽ 32 പേർ മരിച്ചു. 250ലധികം പേർക്ക്​ പരിക്കേറ്റു. ബ്രസൽസ്​ വിമാനത്താവളം, സബ്​വേ എന്നിവിടങ്ങളിലാണ്​ ചാവേർ സംഘങ്ങൾ ആക്രമണം നടത്തിയത്​.

യൂറോപ്യൻ യൂണിയനിൽ നിന്ന്​ ബ്രിട്ടൻ പിൻവാങ്ങി

ജനഹിത പരിശോധനയെ തുടർന്ന്​ യൂറോപ്യൻ യൂണിയനിൽ നിന്ന്​ ബ്രിട്ടൻ പിൻവാങ്ങി. ജൂൺ 24ന് നടന്ന ഹിത പരിശോധനയിൽ 54 ശതമാനം പേരാണ്​ പിൻമാറ്റത്തെ പിന്തുണച്ചത്​. 48 ശതമാനം എതിർത്തു. 28 അംഗ യൂറോപ്യൻ യൂണിയനിൽ നിന്ന്​ വിട്ടുപോകുന്ന ആദ്യ അംഗമാണ്​ ബ്രിട്ടൻ. ബ്രക്​സിറ്റ്​ എന്നറിയപ്പെട്ട ഈ പിൻമാറ്റത്തെ തുടർന്ന്​ ബ്രിട്ടനിലേക്കുള്ള കുടിയേറ്റങ്ങൾക്ക്​ നിബന്ധന കർശനമാക്കി.

ലാഹോറിൽ ചാവേറാക്രമണം

ലാഹോറിലെ ഗുൽഷാനി ഇക്​ബാൽ പാർക്കിൽ സുന്നി ഇസ്​ലാമിക്​ ഒാർഗനൈസേഷ​​ന്‍റെ ചാവേർ പൊട്ടിത്തെറിച്ച്​ 75 പേർ മരിച്ചു. 340 പേർക്ക്​ പരിക്കേറ്റു. ഈസ്​റ്റർ ആഘോഷിക്കാനെത്തുന്ന ക്രൈസ്​തവരെ ലക്ഷ്യമിട്ടായിരുന്നു മാർച്ച്​ 27ലെ ആക്രമണം.

ഡോണൾഡ്​ ട്രംപ് യു.എസ് പ്രസിഡന്‍റ്​

അമേരിക്കൻ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ​ റിപബ്ലിക്കൻ പാർട്ടി സ്​ഥാനാർഥി ഡോണൾഡ്​ ട്രംപ്​ തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രറ്റിക്​ സ്​ഥാനാർഥി ഹിലരി ക്ലിൻറനാണ് നവംബർ 8ന് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ചൊവ്വാഴ്ച നടന്ന ഇലക്ടറൽ കോളജ് തെരഞ്ഞെടുപ്പിലും ട്രംപാണ് വിജയിച്ചത്.

ഇസ്​താംബൂൾ വെടിവെപ്പ്

ജൂൺ 28ന് ഇസ്​താംബൂളിലെ അത്താതുർക്ക്​ വിമാനത്താവളത്തിൽ ടാക്​സിയിലെത്തിയ മൂന്ന്​ അക്രമികൾ നടത്തിയ വെടിവെപ്പിൽ 45 പേർ മരിച്ചു. 230 പേർക്ക്​ പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ​ഭീകരസംഘടനയായ ഐ.എസ്​. ഏറ്റെടുത്തു.

'സോളാർ ഇംപൾസ്​ 2' ലോകം ചുറ്റി

ലോകത്തെ ആദ്യമായി സോളാർ എനർജി ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന വിമാനം 'സോളാർ ഇംപൾസ്​ 2' ജൂലൈ 26ന് ലോകം ചുറ്റി തിരിച്ചെത്തി.

ദിൽമ റൂസെഫിനെ ഇംപീച്ച്​ ചെയ്​തു

ആഗസ്റ്റ്​ 31ന് ബ്രസീലിയൻ പ്രസിഡൻറ്​ ദിൽമ റൂസെഫിനെ സെനറ്റ്​ ഇംപീച്ച്​ ചെയ്​ത് പുറത്താക്കി. വൈസ്​ പ്രസിഡൻറ്​ മിഷേൽ ടെമറിനെ താൽകാലിക പ്രസിഡൻറാക്കി.

വാൻഗോഗിന്‍റെ ചിത്രങ്ങൾ തിരികെ ലഭിച്ചു

ആംസ്​റ്റർഡാമിലെ വിൻസൻറ്​ വാൻഗോഗ്​ മ്യൂസിയത്തിൽ നിന്നും 2002 ഡിസംബർ ഏഴിന്​ മോഷണം പോയ ചിത്രങ്ങൾ സെപ്റ്റംബർ 30ന് തിരികെ ലഭിച്ചു. വിൻസൻ വാൻഗോഗിന്‍റെ സീസ്​കേപ്പ്​ ഒാഫ്​ ഷെവനിയൻ, കോൺഗ്രിഗേഷൻ ലീവിങ്​ ദി റിഫോംഡ്​ ചർച്ച്​ ഇൻ ന്യൂയെൻ എന്നീ ചിത്രങ്ങളാണ് തിരികെ ലഭിച്ചത്. 674 കോടി രൂപ വിലവരുന്ന ചിത്രങ്ങളാണിവ.

യു.എസ്-അസർബൈജാൻ സേനകളുടെ ഏറ്റുമുട്ടൽ

ഏപ്രിൽ രണ്ടിന് അമേരിക്കൻ സൈന്യവും അസർബൈജാൻ സൈന്യവും തമ്മിൽ നഗോർണോ–കരബാക്കിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 193 പേർ മരിച്ചു. 1994ലെ സമാധാന കരാറിനു ശേഷം നടന്ന ഏറ്റവും വലിയ കരാർ ലംഘനമായിരുന്നു ഇത്​.

പാരീസ്​ കാലാവസ്​ഥ ഉടമ്പടി

പാരീസ്​ ആഗോള കാലാവസ്​ഥ ഉടമ്പടിയിൽ ലോകത്തെ 40 ശതമാനം കാർബണും പുറത്തു വിടുന്നത്​ അമേരിക്കയും ചൈനയുമാണെന്ന്​ പ്രഖ്യാപിച്ചു. സെപ്​റ്റംബർ മൂന്നിനായിരുന്നു കാലാവസ്​ഥ ഉച്ചകോടി നടന്നത്.

വിമാനാപകടം: ബ്രസീലിയൻ ഫുട്​ബാൾ താരങ്ങൾ മരിച്ചു

കൊളംബിയയിൽ നവംബർ 30ന് വിമാനം തകർന്ന്​ ബ്രസീലിയൻ ക്ലബ്​ ഫുട്​ബാൾ താരങ്ങൾ ഉൾ​പ്പെടെ 71 പേർ മരിച്ചു. അപകടത്തിൽ ആറു പേർ രക്ഷപ്പെട്ടു.

ഫിദൽ കാസ്​ട്രോ വിടവാങ്ങി

ക്യൂബൻ വിപ്ലവ നക്ഷത്രം ഫിദൽ കാസ്​ട്രോ നവംബർ 25ന് വിടവാങ്ങി. ക്യൂബയുടെ തലസ്​ഥാനമായ ഹവാനയിലായിരുന്നു 90കാരനായ ഫിദൽ അലഹാന്ദ്രോ കാസ്​ട്രോ റൂസി​െൻറ അന്ത്യം. സാ​മ്രാജ്യത്വത്തെ ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധിച്ച ഫിദൽ പ്രധാനമന്ത്രിയും പ്രസിഡൻറുമായി അഞ്ച് പതിറ്റാണ്ടോളം ക്യൂബയെ നയിച്ചു. 11 അമേരിക്കൻ ഭരണകൂടങ്ങളെ വെല്ലുവിളിച്ച അദ്ദേഹം നിരവധി വധശ്രമങ്ങളെ അതിജീവിക്കുകയും ചെയ്​തിരുന്നു.

തയാറാക്കിയത്: വി. ഗാർഗി

Tags:    
News Summary - year ender 2016- world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.