യമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം; 32 മരണം

ജിദ്ദ: വിശുദ്ധ മക്കയെ ലക്ഷ്യമാക്കിവന്ന  ഹൂതി മിസൈല്‍ തകര്‍ത്തതിന്  പിന്നാലെ  യമനിലെ ഹൂതികേന്ദ്രത്തില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ വിമത സേനാംഗങ്ങളുപ്പെടെ 33 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ സാധാരണക്കാരും പെടും. ചെങ്കടലിന്‍െറ തീരത്ത് ഹുദൈദ പട്ടണത്തിലെ ജയില്‍ കെട്ടിടത്തിനുമുകളിലാണ് ശനിയാഴ്ച രാത്രി വൈകി ആക്രമണം നടത്തിയത്. സുരക്ഷാകാര്യാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. 84 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്.  മൂന്നു തവണ ഇവിടെ വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം,  കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആണെന്ന് ഹൂതി മീഡിയ റിപ്പോര്‍ട്ട് ചെയ്തു. യമനിലെ ഒൗദ്യോഗിക ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുന്ന ഹൂതികളുടെ നിയന്ത്രണത്തിലാണ് ഹുദൈദ പട്ടണം.

മക്കയെ ലക്ഷ്യമാക്കിയ മിസൈലാക്രമണത്തില്‍ ലോകമൊന്നാകെ പ്രതിഷേധം പ്രകടിപ്പിച്ചതിന് പിറകെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു  യമനിലെ സഅദയില്‍നിന്ന് ഹൂതികള്‍ മക്കയിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. മക്ക പട്ടണത്തില്‍നിന്ന് 65 കിലോമീറ്റര്‍ അകലെവെച്ച് സൗദി സഖ്യസേനയുടെ ജെറ്റ് ഫൈറ്റര്‍ ഹൂതി മിസൈല്‍ തകര്‍ത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മക്കയെ അല്ല, ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് തങ്ങള്‍ ലക്ഷ്യമാക്കിയതെന്ന് ഹൂതികള്‍ പിന്നീട് അവകാശപ്പെട്ടിരുന്നു. മിസൈലാക്രമണം നടന്ന രാത്രിയില്‍തന്നെ സൗദി സഖ്യസേന സഅദയിലെ മിസൈല്‍ വിക്ഷേപണകേന്ദ്രം ബോംബിട്ടു തകര്‍ത്തിരുന്നു. മക്കയെ ലക്ഷ്യമാക്കി ഈ മാസം രണ്ടാം തവണയാണ് ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്.  
 

ഒക്ടോബര്‍ ഒമ്പതിന് മക്ക പട്ടണത്തിന് 40 കിലോമീറ്റര്‍ അകലെ ത്വാഇഫില്‍വെച്ചാണ് സഖ്യസേന മിസൈല്‍  തകര്‍ത്തത്.   യമനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞയാഴ്ച വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചതിനിടയിലും ഹൂതികള്‍ ആക്രമണം തുടര്‍ന്നിരുന്നു. ജീസാന്‍, നജ്റാന്‍ അതിര്‍ത്തികളില്‍നിന്ന് നിരവധി മിസൈലുകളാണ് ഹൂതികള്‍ സൗദിയിലേക്ക് തൊടുത്തത്. നജ്റാനിലെ നൗഖ് മല വഴി നുഴഞ്ഞുകയറാന്‍ ഹൂതികള്‍ നടത്തിയ നീക്കത്തിനെതിരെ സഖ്യസേന നടത്തിയ പ്രത്യാക്രമണത്തില്‍  12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഹൂതികളുടെ മിസൈലാക്രമണത്തില്‍ നജ്റാന്‍ അതിര്‍ത്തിയില്‍ ബംഗ്ളാദേശ് പൗരന്‍ കൊല്ലപ്പെടുകയും പാക് പൗരന് പരിക്കേല്‍ക്കുകയും ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്. ഇറാന്‍െറ സഹായത്തോടെയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്ന് യമന്‍ പ്രധാനമന്ത്രി അഹ്മദ് ഉബൈദ് ബിന്‍ ദഅ്ര്‍ വ്യക്തമാക്കിയിരുന്നു.  

Tags:    
News Summary - Yemen: 32 killed in Saudi-led coalition air raids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.