കാബൂൾ: അഫ്ഗാനിൽ നിന്ന് പലായനം തുടരവെ നയതന്ത്ര പ്രതിനിധികൾ, എംബസികൾ, കോൺസുലേറ്റ്, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കെല്ലാം സുരക്ഷ ഉറപ്പാക്കുമെന്ന പ്രസ്താവനയുമായി താലിബാൻ. അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കും. അവർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. നയതന്ത്ര പ്രതിനിധികൾക്കായി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് താലിബാന്‍റെ ലക്ഷ്യമെന്ന് വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താലിബാൻ വക്താവിന്റെ പ്രതികരണം.
താലിബാൻ സൈനികർ ആരുടേയും വീടുകളിലേക്ക് അതിക്രമിച്ച് കടക്കരുതെന്നും വക്താവ് നിർദേശിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് താലിബാൻ സൈനികരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിൽ ആശങ്കയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
യു.എൻ ഉൾപ്പടെയുള്ള ഏജൻസികളും വിവിധ രാജ്യങ്ങളും മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. താലിബാൻ അധികാരത്തിലെത്തിയതോടെ രാജ്യം വിടാൻ ആയിരങ്ങളാണ് ഇന്ന് കാബൂൾ വിമാനത്താവളത്തിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.