കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അവസാനമായി പിടിച്ചടക്കിയെന്ന് അവകാശപ്പെടുന്ന പഞ്ചശീർ പ്രവിശ്യ 'കീഴടങ്ങിയ ആഘോഷ'ത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കാബൂളിൽ താലിബാൻ നടത്തിയ വിജയാഘോഷത്തിനിടെയാണ് ആളുകൾ വെടിേയറ്റുമരിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. 41 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാന നഗരത്തിന് കിഴക്കുള്ള നാംഗർഹാർ പ്രവിശ്യയിലെ സമാന ആഘോഷങ്ങളിൽ 14 പേർക്ക് പരിക്കേറ്റു. എന്നാൽ, താലിബാൻ അവകാശവാദം ശരിയല്ലെന്നും പഞ്ചശീർ കീഴടങ്ങിയിട്ടില്ലെന്നും പ്രതിരോധ സേന വ്യക്തമാക്കി. ശക്തമായ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടും പിടിച്ചുനിൽക്കുന്നതായാണ് പ്രതികരണം.
പഞ്ചശീറിൽ ആക്രമണം അവസാനിപ്പിച്ച് താലിബാൻ മധ്യസ്ഥ ചർച്ചകൾക്ക് വരണമെന്ന് അഫ്ഗാൻ മുൻ പ്രസിഡന്‍റ് ഹാമിദ് കർസായി ആവശ്യപ്പെട്ടു.
അതേ സമയം, ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന കാബൂൾ വിമാനത്താവളം സഹായമെത്തിക്കാനായി തുറന്നു. അഫ്ഗാൻ അധികൃതരുടെ സഹായത്തോടെ വിമാനത്താവള റൺവേ നന്നാക്കിയതായും സഹായങ്ങൾ എത്തിക്കുമെന്നും മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ അറിയിച്ചു. സിവിലിയൻ വിമാനങ്ങളും വൈകാതെ കാബൂളിൽനിന്ന് സർവീസ് ആരംഭിക്കും.
അഫ്ഗാനിസ്താന് സഹായമെത്തിക്കുന്നത് ചർച്ച ചെയ്യാൻ യു.എൻ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. യു.എസും സഹായസന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, താലിബാൻ നേതൃത്വം നൽകുന്ന സർക്കാറിന് നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്. അഫ്ഗാനിൽ ഇനിയും താലിബാൻ സർക്കാർ രൂപവത്കരിച്ചിട്ടില്ല. സഹസ്ഥാപകൻ മുല്ലാ അബ്ദുൽ ഗനി ബറാദറിനെ തലവനായി നിശ്ചയിച്ച താലിബാൻ മുല്ലാ ഉമറിന്‍റെ മകൻ മുഹമ്മദ് യഅ്ഖൂബ്, മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് എന്നിവരെ മുതിർന്ന പ്രതിനിധികളായും തെരഞ്ഞെടുത്തു. മന്ത്രിസഭ ൈവകാതെ അധികാരമേൽക്കും. താലിബാൻ മതനേതാവ് ഹിബത്തുല്ല അഖുൻസാദ മത, ഭരണ കാര്യങ്ങളുടെ നേതൃത്വം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.