ജറൂസലം: ഇസ്രായേൽ പൊലീസ് ഫോൺ ചോർത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായി ഇസ്രായേൽ അറ്റോർണി ജനറൽ വ്യക്തമാക്കി.
തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അറ്റോർണി ജനറൽ അവിചായ് മാണ്ടൽബ്ലിറ്റ് അറിയിച്ചു. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളികളിൽ ചിലരെ നിരീക്ഷിക്കാൻ എൻ.എസ്.ഒ ഗ്രൂപ്പിന്റെ പെഗസസ് ഹാക്കിങ് സോഫ്റ്റ്വെയർ പൊലീസ് ഉപയോഗിച്ചതായി ഇസ്രായേൽ ബിസിനസ് ദിനപത്രമായ കാൽകലിസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇരയായ ആളുകളുടെ പേര് റിപ്പോർട്ടിലില്ല. റിപ്പോർട്ട് കൃത്യമല്ലെന്ന് പറഞ്ഞ് പൊലീസ് തള്ളിയെങ്കിലും വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അന്വേഷണ നടപടി. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിറകെ സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നിയമവിരുദ്ധമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കമീഷണർ കോബി ഷബ്തായ് പറഞ്ഞു.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ, രാഷ്ട്രീയക്കാർ എന്നിവരുടെ ഫോണുകളിലെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് എൻ.എസ്.ഒ വൻതോതിലുള്ള നടപടി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.