ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിക്ക് വൻ വിജയം

ബര്‍ലിന്‍: കുടിയേറ്റവും പണപ്പെരുപ്പവും യുക്രെയ്‌നിലെ യുദ്ധവും ഏറെ ചർച്ച ചെയ്യപ്പെട്ട ഓസ്ട്രിയന്‍ തെരഞ്ഞെടുപ്പില്‍ വൻ വിജയം നേടി തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി. 29.2 ശതമാനം വോട്ടുകളാണ് പാർട്ടി നേടിയത്. ഭരണകക്ഷിയായ മധ്യ-വലതുപക്ഷ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടിയെ മൂന്ന് ശതമാനം വോട്ടുകൾക്ക് പിന്നിലാക്കിയാണ് അട്ടിമറി വിജയം കുറിച്ചത്. ചാൻസലർ കാൾ നെഹാമറിന്റെ പീപ്പിൾസ് പാർട്ടിക്ക് 26.5 ശതമാനം വോട്ടുകൾ ലഭിച്ചു.

പ്രതിപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 21 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. പരിസ്ഥിതി വാദികളും നിലവിലെ സഖ്യസർക്കാറിന്റെ ഭാഗവുമായ ഗ്രീൻസ് പാർട്ടിക്ക് പാർലമെന്റിന്റെ അധോസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അതേസമയം, കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഫ്രീഡം പാർട്ടിക്ക് സർക്കാർ രൂപവത്കരിക്കാൻ കഴിയുമോയെന്നത് അവ്യക്തമാണ്. ഓസ്ട്രിയയുടെ പുതിയ യുഗത്തിലേക്കുള്ള വാതിൽ തുറന്നിരിക്കുന്നു എന്നാണ് ഫ്രീഡം പാർട്ടിയുടെ വിജയത്തെ നേതാവ് ഹെര്‍ബര്‍ട്ട് കിക്ക്ല്‍ വിശേഷിപ്പിച്ചത്. ഏതു പാർട്ടിയുമായി ചേർന്നും സർക്കാറുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാസി നേതാക്കൾ ചേർന്ന് രൂപംനൽകിയ ഫ്രീഡം പാർട്ടി രണ്ടാം ലോക യുദ്ധശേഷം നേടുന്ന ഏറ്റവും ശക്തമായ വിജയമാണിത്. ജീവിതച്ചെലവ് ഉയർന്നതിലും കുടിയേറ്റം വർധിക്കുന്നതിലുമുള്ള പുതിയ തലമുറയുടെ വികാരമാണ് പാർട്ടിയുടെ വിജയത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2000ലാണ് ആദ്യമായി ഫ്രീഡം പാർട്ടി സഖ്യ സർക്കാർ രൂപവത്കരിച്ചത്. പിന്നീട് 2019ലെ സഖ്യ സർക്കാർ അഴിമതി ആരോപണത്തെതുടർന്ന് പിരിച്ചുവിടുകയും ചെയ്തു.

Tags:    
News Summary - Austria election results: Far-right FPO wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.