ഒരു മാസത്തിലേറെയായി കൊള്ളക്കാരുടെ പിടിയിലായിരുന്ന ബംഗ്ലാദേശ് കപ്പൽ മോചിപ്പിച്ചു

മൊഗാദിഷു: സോമാലിയൻ തീരത്ത് ഒരു മാസത്തിലേറെയായി കടൽക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ചരക്ക് കപ്പലും ജീവനക്കാരെയും മോചിപ്പിച്ചതായി യൂറോപ്യൻ യൂണിയന്റെ സമുദ്ര സുരക്ഷാ സേന തിങ്കളാഴ്ച അറിയിച്ചു. ഇന്ത്യൻ മഹാ സമുദ്രത്തിലെ കടൽകൊള്ളക്കാരെ തടയുന്നതിനും കപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിനുമായി യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സംവിധാനമാണ് ഓപറേഷൻ അറ്റ്ലാന്റ.

ബംഗ്ലാദേശ് പതാക ഘടിപ്പിച്ച കാർഗോ കപ്പലായ എം.വി അബ്ദുല്ലയിലെ 23 ജീവനക്കാരെയും കപ്പലും 32 ദിവസത്തിനു ശേഷമാണ് മോചിപ്പിക്കുന്നത്. എന്നാൽ, ഏത് സാഹചര്യത്തിലാണ് കപ്പൽ വിട്ടയച്ചതെന്ന് വ്യക്തമല്ല.

സോമാലിയയുടെ തീരദേശ തലസ്ഥാനമായ മൊഗാദിഷുവിൽ നിന്ന് ഏകദേശം 1,100 കിലോമീറ്റർ കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് മാർച്ച് 12നാണ് കടൽ കൊള്ളക്കാർ കപ്പൽ പിടിച്ചെടുക്കുന്നത്. മൊസാംബിക്കിന്റെ തലസ്ഥാനമായ മാപുട്ടോയിൽ നിന്ന് യു.എ.ഇയിലെ ഹംരിയയിലേക്ക് പോകുന്നതിനിടെ ഇരുപതോളം സായുധ അക്രമികൾ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ചാറ്റോഗ്രാം ആസ്ഥാനമായുള്ള കബീർ സ്റ്റീൽ ആൻഡ് റീ-റോളിംഗ് മിൽ ഗ്രൂപ്പിൻ്റെ സഹോദര കമ്പനിയായ എസ്.ആർ. ഷിപ്പിംഗ് ലൈനി​ന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്ന് കമ്പനി മീഡിയ ഉപദേഷ്ടാവ് മിസാനുൽ ഇസ്ലാം ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Bangladesh released the ship, which had been held by pirates for over a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.